സാംസങിന്‍റെ പുതിയ  ഗാലക്‌സി എം17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

സാംസങ് ഏറ്റവും പുതിയ ഗാലക്‌സി എം17ഇ (Samsung Galaxy M17e) 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തു. സെഗ്‌മെന്‍റിലെ ഏറ്റവും സ്‌മൂത്തായ സ്‌മാര്‍ട്ട്‌ഫോണ്‍, സെഗ്‌മെന്‍റിലെ ദൈര്‍ഘ്യമേറിയ വീഡിയോ പ്ലേബാക്ക്, സെഗ്‌മെന്‍റിലെ ഏറ്റവും കൂടുതല്‍ ഒഎസ്, സെക്യൂരിറ്റി അപ്‌ഗ്രേഡ്, സെഗ്‌മെന്‍റിലെ ഏറ്റവും മികച്ച 5ജി ബാന്‍ഡ് എന്നീ വിശേഷണങ്ങളോടെയാണ് സാംസങ് ഗാലക്‌സി എം17ഇ മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
 

ദില്ലി: സാംസങ് ഏറ്റവും പുതിയ ഗാലക്‌സി എം17ഇ (Samsung Galaxy M17e) 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തു. സെഗ്‌മെന്‍റിലെ ഏറ്റവും സ്‌മൂത്തായ സ്‌മാര്‍ട്ട്‌ഫോണ്‍, സെഗ്‌മെന്‍റിലെ ദൈര്‍ഘ്യമേറിയ വീഡിയോ പ്ലേബാക്ക്, സെഗ്‌മെന്‍റിലെ ഏറ്റവും കൂടുതല്‍ ഒഎസ്, സെക്യൂരിറ്റി അപ്‌ഗ്രേഡ്, സെഗ്‌മെന്‍റിലെ ഏറ്റവും മികച്ച 5ജി ബാന്‍ഡ് എന്നീ വിശേഷണങ്ങളോടെയാണ് സാംസങ് ഗാലക്‌സി എം17ഇ മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനപ്രിയ ഫോണ്‍ മോഡലായ ഗാലക്‌സി എം17 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ബദല്‍ എന്ന നിലയ്‌ക്കാണ് ഗാലക്‌സി എം17ഇ പുറത്തിറക്കിയത്.
സാംസങ് ഗാലക്‌സി എം17ഇ: സവിശേഷതകള്‍

6.7-ഇഞ്ച് പിഎല്‍എസ് പാനലിലുള്ള ഡിസ്‌പ്ലെയാണ് സാംസങ് ഗാലക്‌സി എം17ഇ 5ജി സ്‌മാര്‍ട്ട്‌ഫോണിനുള്ളത്. ഫുള്‍എച്ച്‌ഡി+ റെസലൂഷനിലുള്ള ഈ സ്‌ക്രീനിന്‍റെ റിഫ്രഷ് റേറ്റ് 120 ഹെര്‍ട്‌സും പീക്ക് ബ്രൈറ്റ്‌നസ് 800 നിറ്റ്‌സുമാണ്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള വണ്‍യുഐ8 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഗാലക്‌സി എം17ഇ 5ജി ഫോണ്‍ 4 ജിബി, 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി സ്റ്റോറേജും നല്‍കുന്നു. 50-മെഗാപിക്‌സലിന്‍റെതാണ് റിയര്‍ ക്യാമറ. സെല്‍ഫി ക്യാമറ 8എംപിയുടേതും. 25 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഗാലക്‌സി എം17ഇ 5ജിയിലുണ്ട്.

വെള്ളത്തിലും പൊടിയിലും നിന്നുള്ള സംരക്ഷണത്തിന് ഐപി54 റേറ്റിംഗാണ് സാംസങ് ഗാലക്‌സി എം17ഇ 5ജി ഹാന്‍ഡ്‌സെറ്റിന് ലഭിച്ചിരിക്കുന്നത്. ഡിസ്‌പ്ലെയ്‌ക്ക് പ്രത്യേക സ്‌ക്രീന്‍ സുരക്ഷാ കവചമില്ല. സൈ-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറാണ് ഫോണിലുള്ളത്. ഗാലക്‌സി എം17ഇ 5ജിയുടെ 4 ജിബി റാം + 128 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 12,999 രൂപയാണ് വില. രണ്ട് നിറങ്ങളില്‍ ലഭ്യമായ ഗാലക്‌സി എം17ഇ 5ജി ആമസോണ്‍ ഇന്ത്യ വഴി വാങ്ങാം. ആദ്യം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 1,250 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഹൈ-എന്‍ഡ് ഡിവൈസുകള്‍ ആവശ്യമില്ലാത്ത വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് അനുയോജ്യമായ സ്‌മാര്‍ട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എം17ഇ 5ജി.