സ്വയം തിരിയുന്ന ഗിംബൽ ക്യാമറയുമായി ഹോണറിന്‍റെ റോബോട്ട് ഫോൺ വരുന്നൂ 

ഹോണർ , പുതിയ തലമുറ സ്‍മാർട്ട്ഫോൺ കൺസെപ്റ്റായ ഹോണർ റോബോട്ട് ഫോൺ 2026-ലെ മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഫോൺ ആഗോള വിപണികളിൽ എത്തുക
 

സ്വയം തിരിയുന്ന ഗിംബൽ ക്യാമറയുമായി ഹോണറിന്‍റെ റോബോട്ട് ഫോൺ വരുന്നൂ 

ബെയ്‌ജിങ്: ഹോണർ , പുതിയ തലമുറ സ്‍മാർട്ട്ഫോൺ കൺസെപ്റ്റായ ഹോണർ റോബോട്ട് ഫോൺ 2026-ലെ മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഫോൺ ആഗോള വിപണികളിൽ എത്തുക. ഫ്രാൻസിൽ കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഹോണർ സിഇഒ ലി ജെയിൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. സിനിമാ ചിത്രീകരണ നിലവാരത്തിലുള്ള മൊബൈൽ ഇമേജിംഗ് അനുഭവം നൽകുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം മാർച്ചിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) ഹോണർ റോബോട്ട് ഫോൺ പ്രിവ്യൂ ചെയ്തിരുന്നു. ഈ പരിപാടിയിൽ ഈ വർഷം അവസാനം ഈ നൂതന സ്‍മാർട്ട്‌ഫോൺ പുറത്തിറക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.

സാധാരണ സ്‍മാർട്ട്ഫോണുകളിൽ കാണാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് ഹോണർ റോബോട്ട് ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഫോണിന്‍റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് ഗിംബൽ ക്യാമറ സ്വയം ചലിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യും. അതുവഴി പ്രൊഫഷണൽ ക്യാമറകളിൽ ലഭിക്കുന്നതുപോലുള്ള സ്ഥിരത യും സ്‍മൂത്ത് വീഡിയോ അനുഭവവും ഉപയോക്താക്കൾക്ക് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മൂന്ന് ആക്‌സിസ് മെക്കാനിക്കൽ ഗിംബൽ സ്റ്റബിലൈസേഷൻ സംവിധാനത്തോടൊപ്പം എഐ അധിഷ്‍ഠിത സ്റ്റബിലൈസേഷൻ എൻജിനും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്‍റെ ചലനങ്ങൾ തത്സമയം തിരിച്ചറിഞ്ഞ് ക്യാമറ അതനുസരിച്ച് ക്രമീകരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. എഐ സബ്‍ജക്‌ട് ട്രാക്കിംഗ് സവിശേഷതയിലൂടെ വ്യക്തികളുടേയോ വസ്‍തുക്കളുടേയോ ചലനം മുൻകൂട്ടി കണക്കാക്കി ക്യാമറ സ്വയം തിരിയുകയും ചെയ്യും.

കൂടാതെ ‘സ്‍പിൻഷോട്ട്’ എന്ന പ്രത്യേക മോഡും ഫോണിൽ ലഭ്യമാകും. 90 ഡിഗ്രിയിലോ 180 ഡിഗ്രിയിലോ ക്യാമറ തിരിച്ച് ഒരു കൈ ഉപയോഗിച്ചുകൊണ്ട് തന്നെ സൃഷ്‍ടിപരമായ വീഡിയോ ഷോട്ടുകൾ പകർത്താൻ ഇതിലൂടെ സാധിക്കും. മൊബൈൽ സിനിമാറ്റോഗ്രഫിക്ക് പുതിയൊരു ദിശ തുറക്കുന്ന സാങ്കേതികവിദ്യ ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ജർമ്മൻ സിനിമാ ക്യാമറ നിർമ്മാതാക്കളായ ARRI-യുമായി ഹോണർ സഹകരിക്കുന്നതും ഈ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ശ്രദ്ധേയമായ ഭാഗമാണ്. അതിനാൽ സിനിമാ നിർമ്മാതാക്കളെയും കോണ്ടന്‍റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള പ്രീമിയം ഡിവൈസായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2026-ൽ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങിന്‍റെ ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 8, ഗൂഗിളിന്‍റെ പിക്‌സൽ 11 സീരീസ് എന്നിവയ്ക്കും ലോഞ്ചിന് തയ്യാറെടുക്കുന്ന ആപ്പിളിന്‍റെ ഫോൾഡബിൾ ഐഫോണിനും ശക്തമായ വെല്ലുവിളിയാകും ഹോണറിന്‍റെ പുതിയ റോബോട്ട് ഫോൺ എന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തൽ.