ഫോൺ റീചാർജിന് ഇനി അധികം പണം വേണ്ട! ₹123-ന്റെ ജിയോ പ്ലാനിന്റെ പ്രത്യേകതകൾ അറിയാം
മൊബൈല്‍ റീചാര്‍ജിനായി ഓരോ മാസവും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ടോ?. ഫോണ്‍ കോളുകള്‍ ചെയ്യാനും ഇടയ്ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാണ് മൊബൈല്‍ ഉപയോഗിക്കുന്നതെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നത്
മൊബൈല്‍ റീചാര്‍ജിനായി ഓരോ മാസവും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ടോ?. ഫോണ്‍ കോളുകള്‍ ചെയ്യാനും ഇടയ്ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാണ് മൊബൈല്‍ ഉപയോഗിക്കുന്നതെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരക്കാര്‍ക്കായി ശ്രദ്ധേയമായ ഒരു ഓപ്ഷനാണ് റിലയന്‍സ് ജിയോയുടെ 123 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍.28 ദിവസത്തെ വാലിഡിറ്റി, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ഡാറ്റ, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലുള്ളത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ പ്ലാന്‍ തിരഞ്ഞെടുക്കാനാകില്ലെന്നതാണ് പ്രധാന കാര്യം.
123 രൂപയുടെ പ്ലാനില്‍ എന്തൊക്കെയാണ് ലഭിക്കുക?
28 ദിവസത്തെ വാലിഡിറ്റി
റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് ഏകദേശം 4.40 രൂപ എന്ന കണക്കിലാണ് ചെലവ് വരുന്നത്.
അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്
ലോക്കല്‍, എസ്ടിഡി കോളുകള്‍ക്കായി പ്രത്യേകം പണം ചെലവാക്കേണ്ടതില്ല. പ്ലാനിന്റെ നിബന്ധനകള്‍ക്ക് വിധേയമായി അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. പ്രധാനമായും കോള്‍ വിളികള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സഹായകരമാണ്.
ദിവസവും 500 എംബി ഡാറ്റ
പ്രതിദിനം 500 എംബി അതിവേഗ ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ കാലയളവില്‍ ആകെ 14 ജിബി ഡാറ്റ ഉപയോഗിക്കാം. വെബ് ബ്രൗസിങ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഇമെയില്‍ അയക്കല്‍, ചെറിയ ഓണ്‍ലൈന്‍ ജോലികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ ഡാറ്റ പ്രയോജനപ്പെടും. എന്നാല്‍ ദിവസവും ധാരാളം വിഡിയോകള്‍ കാണുന്നവര്‍ക്കും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ഇത് മതിയാകണമെന്നില്ല.
300 എസ്എംഎസുകള്‍
പ്ലാനിന്റെ വാലിഡിറ്റി കാലയളവില്‍ ആകെ 300 എസ്എംഎസുകളും ലഭിക്കും. ബാങ്കിങ് അലര്‍ട്ടുകള്‍, വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി എസ്എംഎസ് ഉപയോഗിക്കുന്നവര്‍ക്ക് ഇതും പ്രയോജനകരമാണ്.
500 എംബി ഡാറ്റ തീര്‍ന്നാലോ?
ദിവസവും ലഭിക്കുന്ന 500 എംബി അതിവേഗ ഡാറ്റയുടെ പരിധി അവസാനിച്ചാല്‍ ഇന്റര്‍നെറ്റ് വേഗl കുറയും. ലഭ്യമായ പ്ലാന്‍ വിവരങ്ങള്‍ പ്രകാരം വേഗം 64 കെബിപിഎസ് വരെ താഴാന്‍ സാധ്യതയുണ്ട്. ഈ വേഗത്തില്‍ ലളിതമായ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിച്ചേക്കാമെങ്കിലും വിഡിയോകള്‍ കാണുക, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, ഡാറ്റ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രയാസകരമായിരിക്കും. അതുകൊണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നവര്‍ക്കാണ് ഈ പ്ലാന്‍ കൂടുതല്‍ അനുയോജ്യം. ദിവസവും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം റീല്‍സ് തുടങ്ങിയവ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണെങ്കില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന പ്ലാനുകള്‍ പരിഗണിക്കാം.
ജിയോ ടിവിയും സംഗീത സേവനവും
ഈ പ്ലാനിനൊപ്പം JioTV, JioSaavn തുടങ്ങിയ സേവനങ്ങളിലേക്കുള്ള ആക്സസും റിപ്പോര്‍ട്ടുകളിലുണ്ട്. ടെലിവിഷന്‍ ഉള്ളടക്കവും സംഗീതവും ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇത് അധിക ആനുകൂല്യമായേക്കാം. എന്നാല്‍ ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കണം.