ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസ് ഗവേഷണത്തിനായി ശാസ്ത്രജ്ഞര്‍ സ്വകാര്യ ധനസഹായം തേടണം

 

തിരുവനന്തപുരം: ബയോമെഡിക്കല്‍ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷണ സ്ഥാപനങ്ങളും ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സ്രോതസ്സുകളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നും കൂടുതല്‍ ധനസഹായം തേടണമെന്ന് ഫരീദാബാദിലെ ബ്രിക്ക്-ടിഎച്ച്ടിഎസ്ടിഐ (ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) എക്സിക്യൂട്ടീവ് ഡയറക്ടര്‍  പ്രൊഫ. ഗണേശന്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി)യില്‍ 'ബ്രിഡ്ജിങ് ദ വാലീസ് ഓഫ് ഡെത്ത്-നാവിഗേറ്റിങ് ദ ബാരിയേഴ്സ് ടു ട്രാന്‍സ്ലേഷന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ന്യൂഡല്‍ഹി എയിംസില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ കൂടിയായ കാര്‍ത്തികേയന്‍.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 18 മുതല്‍ 19 വരെ മരുന്നുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. അതേസമയം യുഎസ് എല്ലാ വര്‍ഷവും കുറഞ്ഞത് 20 മരുന്നുകളെങ്കിലും കണ്ടെത്തുന്നു. ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ഗവേഷണത്തില്‍ ഇന്ത്യ ഏറെ പിറകിലാണെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ധനസഹായം പരിമിതമാണ്. രാജ്യത്തുടനീളം ബയോമെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ദശലക്ഷം യുഎസ് ഡോളര്‍ മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസിന് ഏകദേശം 245 ബില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കുന്നു.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പുതിയ മരുന്നുകള്‍ക്ക് അംഗീകാരം നേടുന്നതിനുള്ള നിയന്ത്രണങ്ങളും തടസ്സങ്ങളും ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് മെഡിസിനില്‍ മുന്നോട്ടു പോകുന്നതില്‍ ഗവേഷകര്‍ക്ക് തടസ്സമാകുന്നുണ്ട്. ഗവേഷണം എങ്ങനെ രൂപകല്‍പ്പന ചെയ്യുന്നുവെന്നതും മുന്‍ഗണന നല്‍കുന്നത് എന്തിനാണെന്നതും രാജ്യത്തിന് എന്താണ് പ്രധാനമെന്ന് മനസ്സിലാക്കുന്നതും പ്രസക്തമാണ്. വൈവിധ്യമാര്‍ന്നതും സഹകരണത്തിലൂന്നിയതുമായ ഗവേഷണം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബയോ ടെക്നോളജിയെ സാമ്പത്തിക വികസനത്തിന്‍റെ നാലാമത്തെ സ്തംഭമായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നുവെന്ന് ബ്രിക്ക്-ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഈ ലക്ഷ്യത്തിനായി ബയോ ടെക്നോളജി മേഖല വ്യവസായത്തിന് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യേണ്ടതുണ്ട്. അതിനായി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.