ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്യണ്ട ..! വിവരം രക്ഷിതാക്കൾ അറിയും, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മെറ്റ 

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്കാണ് ഇതുമായി സംബന്ധിച്ച് മെറ്റ മുന്നറിയിപ്പ് നൽകിയത്.

 

സാന്‍ഫ്രാന്‍സിസ്‌കോ: ആത്മഹത്യയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സെർച്ച് ചെയ്‌താൽ ഇനി വിവരങ്ങൾ രക്ഷിതാക്കൾ അറിയും. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്കാണ് ഇതുമായി സംബന്ധിച്ച് മെറ്റ മുന്നറിയിപ്പ് നൽകിയത്. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ ആവര്‍ത്തിച്ച് 'സെര്‍ച്ച്' ചെയ്യാന്‍ ശ്രമിച്ചാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമിലെ പേരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്‌സാപ്പ് എന്നിവ വഴി അറിയിപ്പുലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍വിവരം അറിയിക്കും. ഇതിനൊപ്പം ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും.

ആത്മഹത്യയും സ്വയം അപകടപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമേയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പുനല്‍കുന്ന സൗകര്യം കൊണ്ടുവരുന്നത്. യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍വരും. ഈ വര്‍ഷം തന്നെ മറ്റുരാജ്യങ്ങളിലും ഇത് നടപ്പാക്കും.