വാട്‌സ്ആപ്പിൽ പുതിയ ചാറ്റ് ഫിൽട്ടർ വരുന്നു!
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്, ഉപയോക്താക്കളുടെ ചാറ്റ് ലിസ്റ്റിലെ തിരക്ക് കുറയ്ക്കാനും സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കാനുമായി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ബിസിനസ് അക്കൗണ്ടുകളിൽ നിന്നുള്ള മാർക്കറ്റിംഗ്, പ്രൊമോഷൻ സന്ദേശങ്ങൾ സ്വയമേവ വേറിട്ട ഒരു വിഭാഗത്തിലേക്ക് മാറ്റുന്ന ഫീച്ചറാണ് മെറ്റ പരീക്ഷിക്കുന്നത്.
വാട്‌സ്ആപ്പ് ബീറ്റാ ഇൻഫോ (WA Beta Info) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിട്ടാണ് ഈ മാറ്റം വരുന്നത്.
ബിസിനസ് അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ച് ഏകദേശം 24 മണിക്കൂറിന് ശേഷം അവ പ്രധാന ഇൻബോക്‌സിൽ നിന്ന് മാറി പ്രത്യേക സെക്ഷനിലേക്ക് മാറ്റപ്പെടും. വ്യക്തിപരമായ ചാറ്റുകളും ബിസിനസ് സന്ദേശങ്ങളും തമ്മിലുള്ള കലർപ്പ് ഒഴിവാക്കി ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുക. ദിവസവും നിരവധി മാർക്കറ്റിംഗ്, ഓഫർ സന്ദേശങ്ങൾ ലഭിച്ച് ബുദ്ധിമുട്ടുന്നവർക്ക് ഈ ഫീച്ചർ വലിയ ആശ്വാസമാകും.
പുതിയ ചാറ്റ് ഫിൽട്ടറിന് പുറമെ മറ്റ് ചില സുപ്രധാന ഫീച്ചറുകളും വാട്‌സ്ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. ഫോൺ നമ്പർ കൈമാറാതെ തന്നെ യൂസർനെയിം വഴി മറ്റുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കും. ഇത് ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കും. വോയിസ്, വീഡിയോ കോളുകൾക്കിടയിൽ കാറ്റ്, ട്രാഫിക് തുടങ്ങിയ പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി സംസാരം കൂടുതൽ വ്യക്തമാക്കുന്ന ഫീച്ചർ. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ബിസിനസ് ഫിൽട്ടർ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.