ഒരു പ്രധാന ശാസ്ത്രീയ ഉപകരണം കൂടി പ്രവർത്തനരഹിതമാക്കി നാസ
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായ വോയേജർ 1-ന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായി നാസ ഒരു പ്രധാന ശാസ്ത്രീയ ഉപകരണം കൂടി പ്രവർത്തനരഹിതമാക്കി. 1977-ൽ വിക്ഷേപിച്ച ഈ പേടകം ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 2,400 കോടി കിലോമീറ്റർ അകലെയാണ്.
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായ വോയേജർ 1-ന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായി നാസ ഒരു പ്രധാന ശാസ്ത്രീയ ഉപകരണം കൂടി പ്രവർത്തനരഹിതമാക്കി. 1977-ൽ വിക്ഷേപിച്ച ഈ പേടകം ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 2,400 കോടി കിലോമീറ്റർ അകലെയാണ്. പേടകത്തിലെ ഊർജ്ജസ്രോതസ്സായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റം ഓരോ വർഷവും ക്ഷയിച്ചുവരുന്ന സാഹചര്യത്തിലാണ് ശേഷിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ ചില സംവിധാനങ്ങൾ ഓഫാക്കാൻ നാസ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി, 49 വർഷത്തോളമായി നിരന്തരമായി പ്രവർത്തിച്ചിരുന്ന ‘ലോ-എനർജി ചാർജ്‌ഡ് പാർട്ടിക്കിൾസ്’ എന്ന ഉപകരണമാണ് 2026 ഏപ്രിൽ 17-ന് ഓഫ് ചെയ്തത്. ബഹിരാകാശത്തെ ഇലക്‌ട്രോണുകളെയും കോസ്മിക് കിരണങ്ങളെയും കുറിച്ചുള്ള പഠനത്തിന് വലിയ പങ്കുവഹിച്ചിരുന്ന ഉപകരണമാണിത്. ഈ നടപടിയിലൂടെ വോയേജർ 1-ന്റെ പ്രവർത്തനം ഏകദേശം ഒരു വർഷം കൂടി നീട്ടിക്കിട്ടുമെന്നാണ് നാസയിലെ എഞ്ചിനീയർമാരുടെ കണക്കുകൂട്ടൽ. നിലവിൽ പ്ലാസ്മ വേവ് ഡിറ്റക്ടർ, മാഗ്നറ്റോമീറ്റർ എന്നീ രണ്ട് ഉപകരണങ്ങൾ മാത്രമാണ് പേടകത്തിൽ സജീവമായിട്ടുള്ളത്.
ഊർജ്ജം തീരുന്നതോടെ പേടകം പൂർണ്ണമായും ഷട്ട്ഡൗൺ ആകാനുള്ള സാധ്യത ഒഴിവാക്കാൻ ബിഗ് ബാംഗ് എന്ന പുതിയ പദ്ധതിയാണ് നാസ ആവിഷ്കരിച്ചിരിക്കുന്നത്. കുറഞ്ഞ വൈദ്യുതിയിൽ പേടകത്തെ നിലനിർത്താനാണ് ഈ നീക്കം സഹായിക്കുന്നത്. ചില വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടുമെങ്കിലും, പേടകത്തിന്റെ അവസാന തരി ഊർജ്ജം തീരുന്നത് വരെ ഭൂമിയിലേക്ക് വിവരങ്ങൾ അയച്ചുകൊണ്ടിരിക്കുക എന്നതാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. വോയേജർ 1 പൂർണ്ണമായും എന്നായിരിക്കും നിശബ്ദമാകുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.