മോട്ടോറോള ഫോൾഡബിൾ സ്‌മാർട്ട്ഫോൺ മോട്ടോറോള റേസർ ഫോൾഡും മോട്ടോ ബഡ്‌സ് 2 പ്ലസും ഇന്ത്യയിൽ അവതരിപ്പിച്ചു
മുൻനിര സ്‌മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോള തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്‌മാർട്ട്ഫോണായ മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും മികച്ച ഫോൾഡബിൾ ക്യാമറ സംവിധാനമെന്ന ഡിഎക്‌സ്ഒഎംഎആർകെ ഗോൾഡ് ലേബൽ അംഗീകാരത്തോടെയാണ് ഈ ഫോൺ എത്തുന്നത്.
ന്യൂഡൽഹി: മുൻനിര സ്‌മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോള തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്‌മാർട്ട്ഫോണായ മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും മികച്ച ഫോൾഡബിൾ ക്യാമറ സംവിധാനമെന്ന ഡിഎക്‌സ്ഒഎംഎആർകെ ഗോൾഡ് ലേബൽ അംഗീകാരത്തോടെയാണ് ഈ ഫോൺ എത്തുന്നത്. 6.6 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് എക്സ്റ്റേണൽ ഡിസ്‌പ്ലേയും നിവർത്തുമ്പോൾ 8.1 ഇഞ്ച് വലിപ്പമുള്ള 2കെ ഡിസ്‌പ്ലേയുമാണ് ഇതിൻ്റെ പ്രധാന ആകർഷണം. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറിൻ്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് 16 വേർഷനിലാണ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം 7 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
50 മെഗാപിക്‌സലിൻ്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പും 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ടർബോപവർ ചാർജിംഗും ഇതിൻ്റെ സവിശേഷതയാണ്. 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നീ രണ്ട് പതിപ്പുകളിൽ ഫോൺ ലഭ്യമാകും. ഫിഫ വേൾഡ് കപ്പ് 2026-ൻ്റെ ഭാഗമായി പ്രത്യേക ഫിഫ എഡിഷനും മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോണിൻ്റെ പ്രാരംഭ വില ഓഫറുകൾ ഉൾപ്പെടെ 1,39,999 രൂപ മുതലാണ് ആരംഭിക്കുന്നത്. പ്രത്യേക ഫിഫ എഡിഷൻ ഫോണിൻ്റെ വില 1,69,999 രൂപയാണ്.
ഫോണിനൊപ്പം ബോസിൻ്റെ ശബ്‌ദമികവുള്ള മോട്ടോ ബഡ്‌സ് 2 പ്ലസും കമ്പനി അവതരിപ്പിച്ചു. മികച്ച നോയിസ് ക്യാൻസലേഷൻ സംവിധാനമുള്ള ഈ ഇയർബഡ്‌സിന് 4,999 രൂപയാണ് വില. ജൂൺ 20-ന് മുൻപ് ഫോൺ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി സ്ക്രീൻ റീപ്ലേസ്‌മെന്റ് സൗകര്യവും ലഭ്യമായിരിക്കും. മെയ് 20 മുതൽ ഫ്ലിപ്കാർട്ട് വഴിയും പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാം.