മോട്ടോറോള ഔദ്യോഗിക കമ്മ്യൂണിറ്റി ആപ്പ് മോട്ടറോളേഴ്സ് പുറത്തിറക്കി
ഉപയോക്താക്കളെയും ആരാധകരെയും സാങ്കേതികവിദ്യാ തൽപരരെയും ഒരുമിപ്പിക്കുന്നതിനായി മോട്ടോറോള ഔദ്യോഗിക കമ്മ്യൂണിറ്റി ആപ്പായ മോട്ടോറോളേഴ്സ് (Motorollers) പുറത്തിറക്കി. എഐ, ഫോട്ടോഗ്രഫി
ന്യൂഡൽഹി: ഉപയോക്താക്കളെയും ആരാധകരെയും സാങ്കേതികവിദ്യാ തൽപരരെയും ഒരുമിപ്പിക്കുന്നതിനായി മോട്ടോറോള ഔദ്യോഗിക കമ്മ്യൂണിറ്റി ആപ്പായ മോട്ടോറോളേഴ്സ് (Motorollers) പുറത്തിറക്കി. എഐ, ഫോട്ടോഗ്രഫി, യാത്ര, ഗെയിമിങ്, കായികം, ജീവിതശൈലി തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകളിൽ ഏർപ്പെടാനും ആപ്പ് അവസരമൊരുക്കും.
‘ട്രൈബ്സ്’ എന്ന പേരിലുള്ള താൽപര്യാധിഷ്ഠിത കമ്മ്യൂണിറ്റികൾ, അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള സംവിധാനങ്ങൾ, വോട്ടെടുപ്പുകൾ, വിശദമായ ലേഖനങ്ങൾ എന്നിവയാണ് ആപ്പിൻ്റെ പ്രധാന സവിശേഷതകൾ. മോട്ടോറോളയുടെ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ, പ്രത്യേക ഓഫറുകൾ, കിഴിവുകൾ, കൂപ്പണുകൾ എന്നിവയും ലഭ്യമാകും. മോട്ടോറോള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, എല്ലാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഭാവിയിൽ സജീവമായി പങ്കെടുക്കുന്നവർക്കായി റിവാർഡ് പദ്ധതികളും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
ആപ്പിലൂടെ ഉപയോക്താക്കളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ താൽപര്യങ്ങളും ആശയങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മോട്ടോറോള ഇന്ത്യ മാനേജിങ് ഡയറക്ടർ ടി.എം. നരസിംഹൻ പറഞ്ഞു.
മോട്ടോറോളയുടെ റീട്ടെയിൽ പങ്കാളികളും പ്രതിനിധികളും കമ്മ്യൂണിറ്റിയിൽ വിദഗ്ധരായി പ്രവർത്തിച്ച് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.