ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകൾ ഇവയാണ്
വർഷാവസാനം അതുവരെ ചെയ്തത് വീണ്ടും റീ വൈൻഡ് അടിക്കലാണ് സോഷ്യൽ മീഡിയയുടെയും ഇന്‍റർനെറ്റിന്‍റെയും ട്രെൻഡ്. ജനുവരി മുതൽ ഡിജിറ്റൽ ലോകത്തെ നമ്മുടെ കാട്ടിക്കൂട്ടലുകൾ എല്ലാം ഗൂഗിളും ഫേസ്ബുക്കും ഇൻസ്റ്റയും സ്പോട്ടിഫൈയുമൊക്കെ വർണകടലാസിൽ പൊതിഞ്ഞ് ഇങ്ങു തരും. സ്പോട്ടിഫൈ റാപ്പ് ട്രെൻഡിങ് ആവുന്നതിന് പിന്നാലെ ആ ട്രെൻഡിലേക്ക് ഗൂഗിളും പങ്കു ചേർന്നിരിക്കുകയാണ്.
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദവുമായി ബന്ധപ്പെട്ട വാക്കാണ് അവർ ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത്; ‘ഇന്ത്യൻ പ്രീമിയർ ലീഗ്’. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് പദങ്ങളായ ഏഷ്യാ കപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി, വനിതാ ലോകകപ്പ് എന്നിവയും ടോപ് 10 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
എന്നാൽ രണ്ടാമതായി ഏറ്റവും കൂടുതൽ തിരയപ്പെട്ട വാക്ക് ഒരു നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടതാണ്. അതെ, അത് മറ്റാരുമല്ല, നമ്മളെയെല്ലാം സുന്ദരീ സുന്ദരന്മാരാക്കി സോഷ്യൽ മീഡിയ കത്തിച്ച ജെമിനിയാണ് രണ്ടാമതായി ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാക്ക്. ഗ്രോക്ക്, മഹാ കുംഭമേള, സായാര, ധർമ്മേന്ദ്ര, പ്രോ കബഡി എന്നിവയാണ് ടോപ് ടെന്നിലുള്ള മറ്റ് വാക്കുകൾ.
‘ട്രെൻഡിംഗ്’ കാറ്റഗറി ഇത്തവണ എഐ കീഴടക്കി. ഗൂഗിളിന്റെ പട്ടികയിൽ ജെമിനി ട്രെൻഡാണ് ടോപ്പിൽ. മസ്‌കിന്റെ ഗ്രോക്ക് മൂന്നാം സ്ഥാനത്തും ഡീപ്‌സീക്ക് നാല്, പെർപ്ലെക്‌സിറ്റി അഞ്ച് സ്ഥാനങ്ങളിലുണ്ട്. ചാറ്റ്ജിപിടി ഏഴാം സ്ഥാനത്താണുള്ളത്.
സയാര, കാന്താര: എ ലെജൻഡ് ചാപ്റ്റർ-1, കൂലി, വാർ 2, സനം തേരി കസം എന്നിവയാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ അഞ്ച് സിനിമകൾ. സ്ക്വിഡ് ഗെയിം, പഞ്ചായത്ത്, ബിഗ് ബോസ്, ദി ബാഡ്സ് ഓഫ് ബോളിവുഡ്, പാതാൾ ലോക് എന്നിവയാണ് സീരീസിൽ ടോപ് ഫൈവിലുള്ളത്.