ഹാർഡ്‌വെയർ വിപണിയിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി മെറ്റ
സോഷ്യൽ മീഡിയ ഭീമനായ മെറ്റ എഐ ഹാർഡ്‌വെയർ വിപണിയിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നു. മെറ്റ റേ ബാൻ സ്മാർട്ട് ഗ്ലാസുകളുടെ വൻ വിജയത്തിന് പിന്നാലെ, ഭാവിയിലെ എഐ ഉപകരണങ്ങൾ വികസിപ്പിക്കാനായി ‘മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്’ എന്ന പേരിൽ പുതിയ ടീം രൂപീകരിച്ചതായാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയ ഭീമനായ മെറ്റ എഐ ഹാർഡ്‌വെയർ വിപണിയിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നു. മെറ്റ റേ ബാൻ സ്മാർട്ട് ഗ്ലാസുകളുടെ വൻ വിജയത്തിന് പിന്നാലെ, ഭാവിയിലെ എഐ ഉപകരണങ്ങൾ വികസിപ്പിക്കാനായി ‘മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്’ എന്ന പേരിൽ പുതിയ ടീം രൂപീകരിച്ചതായാണ് റിപ്പോർട്ടുകൾ. റിയാലിറ്റി ലാബ്സിലെ വിദഗ്ധരായ എഞ്ചിനീയർമാരെ ഉൾപ്പെടുത്തിയാണ് ഹാർഡ്‌വെയറിൽ എഐ സോഫ്റ്റ്‌വെയറുകൾ സംയോജിപ്പിക്കാനുള്ള പരീക്ഷണങ്ങൾ കമ്പനി ആരംഭിച്ചിരിക്കുന്നത്.
ഈ പുതിയ നീക്കത്തിന് നേതൃത്വം നൽകാൻ പ്രമുഖ എഞ്ചിനീയറായ റൂയി സുവിനെയാണ് മെറ്റ നിയോഗിച്ചിരിക്കുന്നത്. ബൈറ്റ്ഡാൻസ്, ഡ്രീമർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഹാർഡ്‌വെയർ വിഭാഗം നയിച്ച പരിചയസമ്പന്നനാണ് അദ്ദേഹം. കൂടാതെ, സ്കെയിൽ എഐയെ ഏറ്റെടുത്തതിന് പിന്നാലെ അലക്‌സാണ്ടർ വാംഗും ഈ ലാബിന്റെ നേതൃനിരയിലേക്ക് എത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് എന്നിവയുടെ അൽഗോരിതങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ തരം സ്മാർട്ട് ഉപകരണങ്ങൾ പുറത്തിറക്കുകയുമാണ് ലക്ഷ്യം.
എഐ ഹാർഡ്‌വെയർ മേഖലയിൽ ആഗോളതലത്തിൽ വലിയ മത്സരമാണ് നടക്കുന്നത്. ആപ്പിളിന്റെ മുൻ ഡിസൈനർ ജോണി ഐവുമായി ചേർന്ന് ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപകരണം ഉടൻ പുറത്തിറക്കിയേക്കും. ആപ്പിൾ സ്വന്തം സ്മാർട്ട് ഗ്ലാസുകളുടെ പണിപ്പുരയിലാണെങ്കിൽ, നത്തിംഗ് ഈ വർഷം തന്നെ പുതിയ എഐ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ മത്സരത്തിൽ മുൻതൂക്കം നേടാനാണ് മോൾട്ട്ബുക്ക്, മാനസ് എഐ തുടങ്ങിയ സ്റ്റാർട്ടപ്പുകളെ മെറ്റ ഏറ്റെടുത്തിരിക്കുന്നത്.
പുതിയ പരീക്ഷണങ്ങൾ തുടരുമ്പോഴും സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആമസോൺ, ഒറാക്കിൾ തുടങ്ങിയ വമ്പൻ കമ്പനികൾ നേരത്തെ തന്നെ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. സ്മാർട്ട് ഗ്ലാസുകൾക്ക് അപ്പുറം, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിപ്ലവകരമായ എഐ ഉപകരണങ്ങൾ പുറത്തിറക്കാനാണ് മെറ്റയുടെ രഹസ്യ നീക്കം.