ഗൂഗിളിന്റെ സ്ക്രീൻലെസ് ഫിറ്റ്നസ് ട്രാക്കർ ‘ഫിറ്റ്ബിറ്റ് എയർ’ ഒക്ടോബറിൽ ഇന്ത്യയിലെത്തും
ഗൂഗിളിന്റെ ആദ്യത്തെ സ്ക്രീൻ-ഫ്രീ ഫിറ്റ്നസ് ട്രാക്കറായ ‘ഫിറ്റ്ബിറ്റ് എയർ’ ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. പരമ്പരാഗത സ്മാർട്ട് വാച്ചുകളിൽ നിന്നും ഫിറ്റ്നസ് ബാൻഡുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി, ഡിസ്പ്ലേയോ നോട്ടിഫിക്കേഷനുകളുടെ ശല്യമോ ഇല്ലാതെ ഉപയോക്താക്കളുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഉപകരണം ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മേയിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ഈ ചെറിയ ട്രാക്കർ, നിലവിൽ 99.99 ഡോളർ (ഏകദേശം 9,500 രൂപ) പ്രാരംഭ വിലയിലാണ് വിദേശ രാജ്യങ്ങളിൽ ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലെ ഔദ്യോഗിക വിലവിവരങ്ങളും കൃത്യമായ ലാൻസമിഎന്റോ തീയതിയും ഒക്ടോബറോടെ കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളരെ ലളിതവും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് ഫിറ്റ്ബിറ്റ് എയറിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാൻഡുകൾ സഹിതം വെറും 12 ഗ്രാം മാത്രം ഭാരമുള്ള ഈ ട്രാക്കറിൽ ഡിസ്പ്ലേയ്ക്ക് പകരം സെൻസറുകൾ മാത്രമുള്ള ഒരു ചെറിയ മൊഡ്യൂളാണ് നൽകിയിട്ടുള്ളത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് അടക്കമുള്ളവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇതിന്റെ പെർഫോമൻസ് ലൂപ്പ് ബാൻഡ് ധരിക്കാൻ ഏറെ സുഖകരമാണ്. ഉപകരണത്തിൽ സ്ക്രീൻ ഇല്ലാത്തതിനാൽ നോട്ടിഫിക്കേഷനുകളുടെ ഡിസ്ട്രാക്ഷൻ ഇല്ലാതെ പൂർണ്ണമായും ആരോഗ്യ വിവരങ്ങൾ മാത്രം നിരീക്ഷിക്കാൻ ഇത് സഹായിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിലെ ഗൂഗിൾ ഹെൽത്ത് ആപ്പ് വഴി പരിശോധിക്കാവുന്നതാണ്.
ആരോഗ്യ നിരീക്ഷണത്തിനായി ഒട്ടനവധി അത്യാധുനിക സെൻസറുകളും ഫീച്ചറുകളുമാണ് ഫിറ്റ്ബിറ്റ് എയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹാർട്ട് റേറ്റ് മോണിറ്ററിംഗ്, ക്രമരഹിതമായ ഹൃദയമിടിപ്പ് തിരിച്ചറിയുന്നതിനുള്ള AFib അലർട്ടുകൾ, രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കുന്ന SpO2 സെൻസർ, സ്കിൻ ടെമ്പറച്ചർ സെൻസർ, ഉറക്കത്തിന്റെ ഘട്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സ്ലീപ്പ് ട്രാക്കിംഗ് എന്നിവ ഇതിലുണ്ട്. കൂടാതെ നൂറിലധികം ആക്റ്റിവിറ്റികൾ ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. ഒറ്റച്ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന ഈ ട്രാക്കർ വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസത്തേക്കുള്ള പവർ ഉറപ്പുനൽകുമെന്നതും ഇതിന്റെ വലിയൊരു നേട്ടമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളുമായി ഇത് തടസ്സമില്ലാതെ കണക്റ്റ് ചെയ്യാനാകും.