പഴയ ജിമെയിൽ ഐഡി മാറ്റാൻ അവസരമൊരുക്കി ​ഗൂ​ഗിൾ, സൗകര്യം 20 വർഷത്തിന് ശേഷം ആദ്യമായി !

 പഴയ ജിമെയിൽ ഐഡി മാറ്റാൻ ആ​ഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ​ഗൂ​ഗിൾ. ജിമെയിൽ നിലവിൽ വന്ന് 20 വർഷത്തിന് ശേഷം ആദ്യമായാണ്
 

 പഴയ ജിമെയിൽ ഐഡി മാറ്റാൻ ആ​ഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ​ഗൂ​ഗിൾ. ജിമെയിൽ നിലവിൽ വന്ന് 20 വർഷത്തിന് ശേഷം ആദ്യമായാണ് യൂസർനെയിം മാറ്റാനുള്ള സൗകര്യം ​ഗൂ​ഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയിൽ അക്കൗണ്ട് തുടങ്ങിയാൽ അതിന്റെ ഐഡി മാറ്റാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. പുതിയ ഐഡി വേണമെങ്കിൽ പുതിയ അക്കൗണ്ട് തന്നെ തുടങ്ങണമായിരുന്നു..

ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ ഈ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് അറിയിച്ചത്‌. ‘നിങ്ങളുടെ അക്കൗണ്ടിനെ നിങ്ങളോടൊപ്പം വളരാൻ സഹായിക്കുക’ എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം മുതൽ ഈ ഫീച്ചറിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും നിലവിൽ അമേരിക്കയിലെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി..

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എക്‌സിൽ (പഴയ ട്വിറ്റർ) ഈ പുതിയ ഫീച്ചറിനെക്കുറിച്ച് കുറിച്ചത് ഇങ്ങനെയാണ്: ‘2004 ഒരു നല്ല വർഷമായിരുന്നു, എന്നാൽ നിങ്ങളുടെ ജിമെയിൽ വിലാസം ആ വർഷത്തിൽ തന്നെ തങ്ങേണ്ടതില്ല..’

പുതിയ അപ്ഡേറ്റിന് ശേഷം, ജിമെയിൽ ഉപഭോക്താക്കൾക്ക് യൂസർനെയിമിലെ ‘@gmail.com’ എന്നതിന് മുൻപുള്ള ഭാഗം മാറ്റാൻ സാധിക്കും. അക്കൗണ്ട് ഹിസ്റ്ററിയിൽ മാറ്റങ്ങളൊന്നും വരാതെ തന്നെ ലഭ്യമായ ഏത് പുതിയ യൂസർനെയിമും നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു..

യൂസർനെയിം മാറ്റിയാലും നിങ്ങളുടെ അക്കൗണ്ടിനെ അത് ബാധിക്കില്ല. ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയെല്ലാം പഴയതുപോലെ തന്നെ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. നിങ്ങളുടെ പഴയ ഇമെയിൽ വിലാസം ഓട്ടോമാറ്റിക്കായി ഒരു ‘ആൾട്ടർനേറ്റീവ് ഇമെയിൽ’ (Alternative email address) ആയി മാറും. അതായത്, പഴയ വിലാസത്തിലേക്കും പുതിയ വിലാസത്തിലേക്കും വരുന്ന ഇമെയിലുകൾ ഒരേ ഇൻബോക്‌സിൽ തന്നെ നിങ്ങൾക്ക് ലഭിക്കും..

ജിമെയിൽ, മാപ്സ്, യൂട്യൂബ്, ഗൂഗിൾ പ്ലേ, ഡ്രൈവ് തുടങ്ങിയ ഗൂഗിൾ സേവനങ്ങളിൽ ലോഗിൻ ചെയ്യാൻ പഴയ ഇമെയിൽ വിലാസമോ പുതിയ വിലാസമോ ഉപയോഗിക്കാമെന്നും ഗൂഗിൾ അറിയിച്ചു..

മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് (Outlook), ആപ്പിളിന്റെ ഐക്ലൗഡ് (iCloud) എന്നിവയിൽ വർഷങ്ങളായി ഈ സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യവും വിപണിയിലെ മത്സരം നിലനിർത്തുന്നതും പരിഗണിച്ചാണ് ഗൂഗിളിന്റെ ഈ തീരുമാനം..

എങ്ങനെ മാറ്റാം..?

.ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സ് തുറന്ന് ‘Personal info’ എന്ന ടാബ് തിരഞ്ഞെടുക്കുക..

.‘Email’ എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ‘Google Account email’ എന്നത് തിരഞ്ഞെടുക്കുക..

.നിങ്ങളുടെ അക്കൗണ്ടിൽ ഈ അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, ‘Change Google Account email’ എന്ന ഓപ്ഷൻ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്യുക..

.നിങ്ങൾ ആഗ്രഹിക്കുന്ന പുതിയ യൂസർനെയിം ടൈപ്പ് ചെയ്യുക. നിലവിൽ മറ്റാരും ഉപയോഗിക്കാത്തതും, മുൻപ് ആരും ഉപയോഗിച്ചിട്ടില്ലാത്തതുമായ ഒരു യൂസർനെയിം വേണം തിരഞ്ഞെടുക്കാൻ..

ഘട്ടംഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ എപ്പോൾ മുതൽ ലഭ്യമാകുമെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല..