16,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മെറ്റ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപങ്ങളും വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്ത് ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടാൻ ടെക് ഭീമനായ മെറ്റാ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം വരുമിത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ തുക കണ്ടെത്താനുമാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പിരിച്ചുവിടലിന്റെ തോതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഇത് സംബന്ധിച്ച വാർത്തകൾ കേവലം അനുമാനങ്ങൾ മാത്രമാണെന്നുമാണ് മെറ്റാ വക്താവ് ആൻഡി സ്റ്റോണിന്റെ പ്രതികരണം.
2022-ലും 2023-ലും നടന്ന പുനഃസംഘടനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലായിരിക്കും ഇത്. 2022 നവംബറിൽ 11,000 പേരെയും തൊട്ടുപിന്നാലെ 10,000 പേരെയും മെറ്റാ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഏകദേശം 79,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. എഐ ഏജന്റുകൾക്കായി വികസിപ്പിച്ച ‘മോൾട്ട്ബുക്ക്’ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുത്തും ‘മനുസ്’ പോലുള്ള സ്റ്റാർട്ടപ്പുകളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചും ജനറേറ്റീവ് എഐ മത്സരത്തിൽ ഒന്നാമതെത്താനാണ് മാർക്ക് സക്കർബർഗ് ലക്ഷ്യമിടുന്നത്.
എഐ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതോടെ വലിയ ടീമുകൾ ചെയ്തിരുന്ന ജോലികൾ ചെറിയ സംഘങ്ങൾക്കോ വ്യക്തികൾക്കോ ചെയ്യാൻ സാധിക്കുമെന്ന് സക്കർബർഗ് നേരത്തെ സൂചിപ്പിച്ചിരുന്നു. 2028-ഓടെ ഡാറ്റാ സെന്ററുകൾക്കായി 600 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ലാമ 4 മോഡലുകൾ നേരിട്ട തിരിച്ചടികളും പുതിയ മോഡലായ ‘അവോക്കാഡോ’യുടെ റിലീസ് വൈകുന്നതും കമ്പനിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എഐ ഗവേഷകർക്കായി വലിയ ശമ്പള പാക്കേജുകൾ നൽകാനും കമ്പനി തയ്യാറാകുന്നു.
മെറ്റാ മാത്രമല്ല, മറ്റ് പ്രമുഖ ടെക് കമ്പനികളും എഐ മുന്നേറ്റത്തിന്റെ ഭാഗമായി സമാനമായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ജനുവരിയിൽ ആമസോൺ 16,000 ജോലികൾ വെട്ടിക്കുറച്ചിരുന്നു. ഫിൻടെക് കമ്പനിയായ ബ്ലോക്കും തങ്ങളുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടു. എഐ ടൂളുകൾ വികസിക്കുന്നതോടെ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന തിരിച്ചറിവാണ് ആഗോള ടെക് മേഖലയിൽ വലിയ തൊഴിൽ മാറ്റങ്ങൾക്ക് കാരണമാകുന്നത്.