ദുബൈയിൽ നിർമിത ബുദ്ധിയിൽ തീർത്ത സ്റ്റാമ്പുകൾ പുറത്തിറക്കി
ദുബൈ: നിർമിത ബുദ്ധിയിൽ തീർത്ത സ്റ്റാമ്പുകൾ പുറത്തിറക്കിയാതായി എമിറേറ്റ്സ് പോസ്റ്റ് പ്രഖ്യാപിച്ചു. യു.എ.ഇയിലെ പ്രധാന കെട്ടിടങ്ങളുടെയും സൂചകങ്ങളുടെയും വാട്ടർ കളർ രൂപത്തിലുള്ള ചിത്രം ഉൾപ്പെട്ട സ്റ്റാമ്പുകൾ രൂപപ്പെടുത്തിയത് നിർമിത ബുദ്ധിയാണ്.
ശൈഖ് സായിദ് മോസ്ക്, ബുർജ് ഖലീഫ, മരുഭൂമിയിലെ ഒട്ടകം എന്നിങ്ങനെ ഇമാറാത്തിനെ പ്രതീകവത്കരിക്കുന്ന ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കമ്പ്യൂട്ടർ വിഷൻ വിഭാഗം പദ്ധതിക്ക് നേതൃത്വം നൽകിയത്.
ഡിജിറ്റൽ കാൻവാസുകൾ സൃഷ്ടിക്കുന്നതിന് പരമ്പരാഗത വസ്ത്രധാരണ രീതി, ആർകിടെക്ചറൽ സ്റ്റൈൽ, ചരിത്രപരമായ ഘടകങ്ങൾ എന്നിവ സാങ്കേതിക വൈദഗ്ധ്യത്തോട് സംയോജിപ്പിക്കുകയായിരുന്നു.എമിറേറ്റ്സ് പോസ്റ്റിന്റെ ഓൺലൈൻ പോർട്ടൽ വഴി നിലവിൽ സ്റ്റാമ്പുൾ ലഭ്യമാണ്. യു.എ.ഇയുടെ സമ്പന്നമായ ഭൂതകാലത്തെയും മഹത്തായ വർത്തമാനത്തെയും ഭാവിയെയും അനുസ്മരിക്കുന്നതിനാണ് നൂതന സംരംഭമെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ അശ്റാം പറഞ്ഞു.