ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാൻ മെറ്റ ; മാറ്റം മെയ് 8 മുതൽ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് നൽകി വന്നിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷാ ഫീച്ചർ നിർത്തലാക്കാൻ മെറ്റ . 2026 മെയ് 8 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചു.
 

മെൻലോ പാർക്ക്: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് നൽകി വന്നിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷാ ഫീച്ചർ നിർത്തലാക്കാൻ മെറ്റ . 2026 മെയ് 8 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചു.

ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി 2023 ഡിസംബറിലായിരുന്നു ഇൻസ്റ്റഗ്രാമിൽ ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കിയിരുന്നത്. ഫീച്ചർ നീക്കം ചെയ്യുന്നതോടെ ഇൻസ്റ്റഗ്രാം വഴി അയക്കുന്ന സന്ദേശങ്ങളും കോളുകളും എൻക്രിപ്ഷൻ പരിധിക്ക് പുറത്താകും.

അതായത്, ആവശ്യമെങ്കിൽ മെറ്റയ്ക്ക് ചാറ്റുകളുടെ ഉള്ളടക്കം പരിശോധിക്കാൻ സാധിക്കും. നിലവിലുള്ള എൻക്രിപ്റ്റഡ് ചാറ്റുകളിലെ വിവരങ്ങൾ ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുമെന്നും ഇതിനായി ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടി വരുമെന്നും മെറ്റ വ്യക്തമാക്കി.

മാറ്റത്തിന് പിന്നിലെ ഔദ്യോഗിക കാരണം മെറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്റർനെറ്റ് വഴി കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ തടയാനുള്ള സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന. എൻക്രിപ്ഷൻ ഉള്ളതിനാൽ സന്ദേശങ്ങൾ സ്കാൻ ചെയ്യാൻ സാധിക്കാത്തത് കുറ്റവാളികളെ കണ്ടെത്താൻ തടസ്സമാകുന്നുവെന്ന് യുഎസ്, യുകെ സർക്കാരുകളും യൂറോപ്യൻ യൂണിയനും പരാതിപ്പെട്ടിരുന്നു.

യുകെയിലെ ഓൺലൈൻ സുരക്ഷാ നിയമം (2023), ഇയു ചാറ്റ് കൺട്രോൾ റെഗുലേഷൻ തുടങ്ങിയ കർശന നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ നീക്കം. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ഈ മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. മെറ്റയുടെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയിൽ എൻക്രിപ്ഷൻ തുടരുമോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

സ്വകാര്യത മൗലികാവകാശമായി കാണുന്ന വലിയൊരു വിഭാഗം ഉപയോക്താക്കൾക്കിടയിൽ മെറ്റയുടെ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.