ആപ്പ് ഡിലീറ്റ് ചെയ്‌താൽ മതി എന്നു വിചാരിക്കരുത്, UPI ഐഡികളിലെ അപകടം തിരിച്ചറിയാം 

ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന യു.പി.ഐ. ഐ.ഡികൾ പലപ്പോഴും മറഞ്ഞിരിക്കുന്ന സുരക്ഷാ ഭീഷണിയായി മാറാറുണ്ട്. ആപ്പുകൾ ഡിലീറ്റ് ചെയ്താലും അവയുമായി ബന്ധപ്പെട്ട ഐ.ഡികൾ പൂർണമായും ഇല്ലാതാകുന്നില്ലെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല.
 

 ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന യു.പി.ഐ. ഐ.ഡികൾ പലപ്പോഴും മറഞ്ഞിരിക്കുന്ന സുരക്ഷാ ഭീഷണിയായി മാറാറുണ്ട്. ആപ്പുകൾ ഡിലീറ്റ് ചെയ്താലും അവയുമായി ബന്ധപ്പെട്ട ഐ.ഡികൾ പൂർണമായും ഇല്ലാതാകുന്നില്ലെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഉപയോഗിക്കാത്ത നിലയിൽ തുടരുന്ന യു.പി.ഐ. ഐ.ഡികൾ വഴി സാമ്പത്തിക തട്ടിപ്പുകൾക്കും പണം നഷ്ടപ്പെടുന്നതിനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം ഐ.ഡികൾ പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നത് അനിവാര്യമാണ്.

ആപ്പുകൾ ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്താലും, ആ യു.പി.ഐ. ഐ.ഡിയും അതിലേക്ക് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബാങ്കിന്റെയോ പെയ്മെന്റ് സർവീസ് പ്രൊവൈഡറുടെയോ സെർവറുകളിൽ സജീവമായിത്തന്നെ തുടരും. ഫോൺ നമ്പർ മാറുമ്പോൾ പഴയ നമ്പർ മറ്റൊരാൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പഴയ യു.പി.ഐ. ഐ.ഡി ആ നമ്പറുമായി ബന്ധപ്പെട്ട് കിടക്കുകയാണെങ്കിൽ, പുതിയ ഉപയോക്താവിന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ലഭിക്കാനും ഇടപാടുകൾ നടത്താനും അവസരം ലഭിച്ചേക്കാം. കൂടാതെ, പഴയ ഐ.ഡികൾ ഉപയോഗിച്ച് വ്യാജ പെയ്മെന്റ് റിക്വസ്റ്റുകൾ അയക്കാനും, ഒ.ടി.പി തട്ടിപ്പുകൾ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം കവരാനും തട്ടിപ്പുകാർക്ക് സാധിക്കും.

ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാൻ പഴയ ഐ.ഡികൾ കൃത്യമായി നീക്കം ചെയ്യണം. ഉപയോഗിക്കാത്ത പെയ്മെന്റ് ആപ്പുകളിൽ നിന്ന് എല്ലാ ബാങ്ക് അക്കൗണ്ടുകളും മാന്വലായി അൺലിങ്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ആപ്പിലെ സെറ്റിംഗ്സിൽ പോയി യു.പി.ഐ. ഐ.ഡി പെർമനന്റായി ഡിലീറ്റ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുക. ഓട്ടോപേ സെറ്റിംഗ്സിൽ പോയി പഴയ സബ്സ്ക്രിപ്ഷനുകളും മാൻഡേറ്റുകളും റദ്ദാക്കാൻ മറക്കരുത്. യു.പി.ഐ. ലൈറ്റ് വാലറ്റിൽ പണം ബാക്കിയുണ്ടെങ്കിൽ അത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയശേഷം ആ സേവനം അവസാനിപ്പിക്കുക. ആപ്പുകളിൽ ഇത്തരം ഓപ്ഷനുകൾ ലഭ്യമല്ലെങ്കിൽ, ബാങ്ക് കസ്റ്റമർ കെയറുമായി നേരിട്ട് ബന്ധപ്പെട്ട് യു.പി.ഐ. സേവനം ബ്ലോക്ക് ചെയ്യുകയോ ലിങ്ക് നീക്കം ചെയ്യുകയോ ചെയ്യാം. പുതിയ പെയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ പഴയവയിലെ ഐ.ഡികൾ അപ്പപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുന്നത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.