മെറ്റ-മാനസ് ഇടപാട് റദ്ദാക്കാൻ സക്കർബർഗിന് ചൈനയുടെ അന്ത്യശാസനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആഗോളതലത്തിൽ വൻ ചർച്ചയായ മെറ്റ-മാനസ് (Meta-Manus) ഇടപാട് റദ്ദാക്കാൻ മാർക്ക് സക്കർബർഗിന് ചൈനയുടെ അന്ത്യശാസനം.
ബീജിങ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആഗോളതലത്തിൽ വൻ ചർച്ചയായ മെറ്റ-മാനസ് (Meta-Manus) ഇടപാട് റദ്ദാക്കാൻ മാർക്ക് സക്കർബർഗിന് ചൈനയുടെ അന്ത്യശാസനം. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ഐ സ്റ്റാർട്ടപ്പായ മാനസിനെ 250 കോടി ഡോളറിന് ( 20,000 കോടി രൂപ) ഏറ്റെടുത്ത നടപടി രണ്ടാഴ്ചക്കുള്ളിൽ പിൻവലിക്കാനാണ് ചൈനീസ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ചൈനയുടെ ഈ അസാധാരണ ഇടപെടൽ. ഇടപാട് പൂർണ്ണമായും റദ്ദാക്കി സ്റ്റാർട്ടപ്പിന്റെ ആസ്തികൾ പഴയപടിയാക്കാൻ ചൈനീസ് നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമീഷൻ നിർദേശം നൽകി.
മാനസ് സിംഗപ്പൂർ കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇതിന്റെ പ്രധാന സാങ്കേതികവിദ്യ ബീജിങ് ബട്ടർഫ്ലൈ ഇഫക്റ്റ് ടെക്നോളജി എന്ന ചൈനീസ് കമ്പനിയുടേതാണ്. സുപ്രധാനമായ എ.ഐ അൽഗോരിതങ്ങൾ വിദേശ രാജ്യങ്ങൾക്ക് കൈമാറുന്നത് ചൈനീസ് നിയമപ്രകാരം കുറ്റകരമാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഏറ്റെടുക്കലിന് ശേഷം മാനസിന്റെ സാങ്കേതികവിദ്യ മെറ്റ തങ്ങളുടെ സെർവറുകളുമായി സംയോജിപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ഇവയെല്ലാം നീക്കം ചെയ്യണമെന്നും ഡാറ്റ തിരികെ നൽകണമെന്നുമാണ് പുതിയ ഉത്തരവ്.