പെന്റഗണുമായി ഓപ്പൺ എഐ കരാറിൽ ഒപ്പുവച്ചതിനെതിരെ വ്യാപക പ്രതിഷേധം ; ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് ഉപയോക്താക്കൾ
വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എഐ കരാറിൽ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിന്റെ രഹസ്യ ശൃംഖലകളിൽ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കരാർ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയിൽ ചാറ്റ് ജിപിടി ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 29.5 ശതമാനം വർധനവുണ്ടായതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 'ക്വിറ്റ് ചാറ്റ് ജിപിടി' എന്ന പേരിൽ വിവിധ വെബ്‌സൈറ്റുകൾ വഴി സംഘടിത പ്രചാരണങ്ങളും നടക്കുന്നു. ആപ്പ് സ്‌റ്റോറുകളിലെ റേറ്റിങ് കുറയ്ക്കാനും ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാനും ക്യാമ്പയിനുകൾ ആഹ്വാനം ചെയ്യുന്നു
ഇതിനിടെ ആന്ത്രോപിക് വികസിപ്പിച്ച 'ക്ലോഡ്' എന്ന ചാറ്റ്‌ബോട്ട് ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി. മുൻപ് പെന്റഗണിന്റെ കരാർ ലഭിച്ചിരുന്നത് ആന്ത്രോപിക്കിനായിരുന്നുവെങ്കിലും സാങ്കേതികവിദ്യ ആഭ്യന്തര നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കരാർ ഓപ്പൺ എഐ ഏറ്റെടുക്കുകയായിരുന്നു. ഓപ്പൺ എഐയുടെ മുൻ നയരേഖയിൽ സൈനിക ആവശ്യങ്ങൾക്കും യുദ്ധ പ്രവർത്തനങ്ങൾക്കും സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ പെന്റഗൺ കരാറിന് മുന്നോടിയായി ഈ വ്യവസ്ഥ നിശബ്ദമായി നീക്കിയതായാണ് ആരോപണം. ഇതാണ് ഉപയോക്താക്കളുടെ പ്രതിഷേധം ശക്തമാക്കിയത്.
പ്രതിഷേധം ശക്തമായതോടെ സിഇഒ സാം ആൾട്ട്മാൻ ഖേദം പ്രകടിപ്പിച്ചു. ആശയവിനിമയത്തിലെ പിഴവുകൾ കാരണമാണ് വിവാദം ശക്തമായതെന്നും കാര്യങ്ങൾ കൂടുതൽ തുറന്ന രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തീരുമാനം 'അവസരവാദപരമായ' നീക്കമായി കാണപ്പെട്ടതിൽ ക്ഷമ ചോദിച്ചതായി വ്യക്തമാക്കി. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കരാറിൽ ചില മാറ്റങ്ങൾ വരുത്താൻ ഓപ്പൺ എഐ വൻതോതിലുള്ള നിരീക്ഷണ പ്രവർത്തനങ്ങൾക്കും എൻഎസ്എ പോലുള്ള രഹസ്യാന്വേഷണ ഏജൻസികൾക്കായുള്ള ഉപയോഗത്തിനും തങ്ങളുടെ സാങ്കേതികവിദ്യ അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.