ഗൂഗിൾ സെർച്ചിൽ ഇനി നീല ലിങ്കുകൾ കാണാൻ കഴിഞ്ഞേക്കില്ല!
തിരുവനന്തപുരം: ഗൂഗിൾ സെർച്ച് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് കമ്പനി. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം. ഇതുവരെ ഇന്‍റർനെറ്റിൽ വിവരങ്ങൾ തേടുന്നതിനുള്ള പ്രധാന മാർഗം കീവേഡുകൾ ടൈപ്പ് ചെയ്‌ത് നീല ലിങ്കുകൾ നിറഞ്ഞ റിസല്‍റ്റ് പേജുകളിൽ നിന്ന് ആവശ്യമായ വെബ്സൈറ്റുകൾ തിരഞ്ഞെടുക്കുന്നതായിരുന്നു. എന്നാൽ ഇനി ആ അനുഭവം പൂർണ്ണമായി മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി.
ഗൂഗിൾ അവതരിപ്പിച്ച പുതിയ എഐ അധിഷ്‌ഠിത അപ്‌ഡേറ്റുകൾ സെർച്ച് എഞ്ചിനെ ഒരു ചാറ്റ് പോലെയുള്ള ഇന്‍റലിജന്‍റ് അസിസ്റ്റന്‍റായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഇനി ഉപയോക്താക്കൾക്ക് വെറും തിരച്ചിൽ ഫലങ്ങൾ മാത്രമല്ല, നേരിട്ട് ചോദ്യങ്ങൾക്ക് മറുപടികളും, പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സംവിധാനങ്ങളും ലഭിക്കും. സെർച്ച് ഇനി 'വെറും വിവരം കണ്ടെത്തുന്ന ഉപകരണം' അല്ല, മറിച്ച് 'പ്രവർത്തനം നിർവഹിക്കുന്ന സഹായിയായി' മാറുകയാണ് എന്നും ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് പറയുന്നു.
ഗൂഗിള്‍ അവതരിപ്പിച്ച പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സെര്‍ച്ചിലെ എഐ മോഡ് എന്ന സംവിധാനത്തിന്‍റെ വിപുലീകരണം. ഇത് സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുന്നു. ഇതിനകം തന്നെ എഐ മോഡിന് ഒരു ബില്യണിലധികം ഉപയോക്താക്കളുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പുതിയ പതിപ്പിൽ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ട് ആയി ഉപയോഗിക്കും.
ഇനി ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവയും ഉപയോഗിച്ച് തിരച്ചിൽ നടത്താം. കൂടാതെ, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുൻപ് നൽകിയ മറുപടികളുടെ ബാക്ക് ഗ്രൗണ്ട് സെർച്ച് മെമ്മറിയിൽ സൂക്ഷിക്കും. മറ്റൊരു പ്രധാന പ്രഖ്യാപനം സെർച്ച് ഏജന്‍റ്സ് ആണ്. ഉപയോക്താവിന് വേണ്ടി ഇന്‍റർനെറ്റ് നിരന്തരം നിരീക്ഷിക്കുന്ന എഐ ഏജന്‍റുകൾ ഇനി സെർച്ച് സംവിധാനത്തിനുള്ളിൽ തന്നെ ഉണ്ടാകും. ഉദാഹരണത്തിന് ഒരു വ്യക്തി വീട് അന്വേഷിക്കുകയാണെങ്കിൽ, ആവശ്യങ്ങൾ നൽകിയാൽ ലഭ്യമായ വീടുകൾ തുടർച്ചയായി കണ്ടെത്തി അറിയിപ്പുകൾ നൽകും.
ഇതോടൊപ്പം, ഗൂഗിൾ ഏജന്‍റിക്ക് ബുക്കിംഗ് എന്ന സംവിധാനവും അവതരിപ്പിക്കുന്നു. ഇതിലൂടെ ഹോം സർവീസ്, ബ്യൂട്ടി, പെറ്റ് കെയർ തുടങ്ങിയ സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യാൻ സാധിക്കും. ചില സാഹചര്യങ്ങളിൽ എഐ തന്നെ ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യും. അതിനൊപ്പം, സെർച്ച് ഇനി ചെറിയ ആപ്ലിക്കേഷനുകളും ഡാഷ്‌ബോർഡുകളും സൃഷ്‍ടിക്കും. ഫിറ്റ്‌നസ് ട്രാക്കിംഗ്, യാത്രാ പ്ലാനിംഗ്, വിവാഹ ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ ഇന്‍ററാക്‌ടീവ് ടൂളുകൾ സെർച്ച് തന്നെ നിർമിക്കും. ഗ്രാഫുകൾ, ടേബിളുകൾ, സിമുലേഷനുകൾ എന്നിവയും എഐ വഴി തത്സമയം ഉണ്ടാകും