നീല ആധാര്‍കാര്‍ഡ്  ; ഈ വിവരങ്ങൾ നിർബന്ധമായും അറിയുക 

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇന്ത്യയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആധാർ കാർഡാണ് ബ്ലൂ ആധാർ. 2018 മുതലാണ് ബ്ലൂ ആധാർ കാർഡ് നിലവിൽ വന്നത്.

 

 അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇന്ത്യയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആധാർ കാർഡാണ് ബ്ലൂ ആധാർ. 2018 മുതലാണ് ബ്ലൂ ആധാർ കാർഡ് നിലവിൽ വന്നത്. സർക്കാരിൻ്റെ വിവിധ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിന് നടപടികൾ എളുപ്പമാക്കാൻ വേണ്ടിയാണ് കുട്ടികൾക്കായി ബ്ലൂ ആധാർ കാർഡ് അവതരിപ്പിച്ചത്.

മുതിർന്നവരുടെ ആധാർ കാർഡ് പോലെ ബയോമെട്രിക് ഡാറ്റ വിവരങ്ങൾ കുട്ടികൾക്കായുള്ള ബ്ലൂ ആധാർ കാർഡിന് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ ബയോമെട്രികിന് പകരം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയാണ് ചെയ്യുക. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ബയോമെട്രിക് ഡാറ്റ നിർബന്ധമായും നൽകണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രിക് രേഖപ്പെടുത്തുക. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റോ ആശുപത്രി ഡിസ്ചാർജ് സ്ലിപ്പോ ഉപയോ​ഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്കായി ബ്ലൂ ആധാർ കാർഡിന് അപേക്ഷിക്കാൻ സാധിക്കും.

ചെറിയ പ്രായത്തിൽ ഏതെങ്കിലും രീതിയിലുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനോ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന്റെ (EWS) സ്‌കോളർഷിപ്പുകൾ നേടുന്നതിനും ഈ ബ്ലൂ കാർഡുകൾ കുട്ടികൾക്ക് നിർബന്ധമാണ്. കുട്ടിയുടെ ഐഡൻ്റിറ്റി തെളിയിക്കുന്നതിനും മാതാപിതാക്കളുമായി കുട്ടികളുടെ ബന്ധം സ്ഥിരീകരിക്കേണ്ട ആവശ്യകതകൾ വന്നാലും ഈ ബ്ലൂ ആധാർ കാർഡ് ഉപയോ​ഗിക്കാവുന്നതാണ്. കുട്ടികളെ കടത്തൽ, ബാലവേല, ശൈശവ വിവാഹം, മറ്റ് ബാലപീഡനം, ചൂഷണം എന്നിവ തടയുന്നതിനും കണ്ടെത്തുന്നതിനും ബ്ലൂ ആധാർ കാർഡ് രേഖകൾ സഹായിക്കുന്നു. നിലവിൽ സ്കൂളുകളിൽ കുട്ടികളുടെ അഡ്മിഷൻ സമയത്ത് ബ്ലൂ ആധാർ കാർഡുകൾ നൽകേണ്ടതായി വരുന്നുണ്ട്.
‌കുട്ടികൾക്കുള്ള ബ്ലൂ കാർഡിനായി എങ്ങനെ അപേക്ഷിക്കണമെന്ന് നോക്കാം

    uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
    ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.
    ‌കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിൻറെ ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ നൽക്കുക
    ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
    അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
    നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാക്കണം.
    നടപടിക്രമങ്ങൾ പൂർത്തിയായാൽ കുട്ടിയുടെ ബ്ലൂ ആധാർ കാർഡ് ലഭിക്കും.

എത്ര ദിവസത്തിന് ഉള്ളിൽ ബ്ലൂ ആധാർ കാർഡ് നിങ്ങൾക്ക് ലഭിക്കും

സാധാരണയായി എൻറോൾമെൻ്റ് തീയതി മുതൽ 30 ദിവസത്തിന് ഉള്ളിൽ നിങ്ങളുടെ കുട്ടിക്ക് ബ്ലൂ ആധാർ കാർഡ് ലഭിക്കും. അല്ലെങ്കിൽ എൻറോൾമെൻ്റ്/അപ്‌ഡേറ്റ് അഭ്യർത്ഥനയ്ക്കായി ബന്ധപ്പെട്ടാൽ അധികാരികൾ മുഖേന ഇത് അറിയാവുന്നതാണ്.