അരനൂറ്റാണ്ടിനുശേഷം ബഹിരാകാശരംഗത്ത് നേടിയ വൻ നേട്ടത്തിൽ അഭിമാനമുണ്ട് ; ആർട്ടെമിസ് IIനെ അഭിനന്ദിച്ച് ശുഭാൻഷു ശുക്ല
ആർട്ടെമിസ് II ദൗത്യത്തിനും ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല. അരനൂറ്റാണ്ടിനുശേഷം ബഹിരാകാശരംഗത്ത് നേടിയ വൻ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അസാധ്യമായത് സാധ്യമാക്കാനാകുമെന്ന് ഒരിക്കൽകൂടി സാധിച്ചുവെന്നും ശുഭാൻഷു ശുക്ല എക്സ് അക്കൗണ്ടിൽ കുറിച്ചു.
ന്യൂഡൽഹി: ആർട്ടെമിസ് II ദൗത്യത്തിനും ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല. അരനൂറ്റാണ്ടിനുശേഷം ബഹിരാകാശരംഗത്ത് നേടിയ വൻ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അസാധ്യമായത് സാധ്യമാക്കാനാകുമെന്ന് ഒരിക്കൽകൂടി സാധിച്ചുവെന്നും ശുഭാൻഷു ശുക്ല എക്സ് അക്കൗണ്ടിൽ കുറിച്ചു. ആർട്ടെമിസ് IIവിൽനിന്ന് ക്രൂ അംഗങ്ങൾ പുറത്തുവിട്ട വിഡിയോയും അദ്ദേഹം എക്സിൽ പങ്കുവെച്ചു.
‘മനുഷ്യരാശിയുടെ ഒരു നിശബ്ദ വിജയമായിരുന്നു ഈ ആഴ്ച എന്നുതോന്നുന്നു. അരനൂറ്റാണ്ടിലേറെയായി മറ്റാരും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരം നാല് വ്യക്തികൾ സഞ്ചരിച്ചു. ഓരോ ലക്ഷ്യവും നേടാനുള്ള പരിശ്രമം നമ്മുടെ ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിജയനിമിഷം ആർട്ടെമിസ് ക്രൂവിന്റെ മാത്രമല്ല, അക്ഷീണം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു ടീംതന്നെ ആർട്ടെമിസ് IIവിന് പിന്നിലുണ്ട്. ഞാൻ കുറച്ച് ദിവസത്തേക്ക് എല്ലാത്തിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോൾ ഈ വിജയഗാഥക്ക് സാക്ഷ്യം വഹിക്കാൻ തിരിച്ചെത്തി.
ഇത്തരം ദൗത്യങ്ങളിൽ ക്രൂവിന്റെ കുടുംബങ്ങൾ മിക്കവാറും പരാമർശിക്കപ്പെടാതെ പോകാറുണ്ട്. പിന്നിൽ നിൽക്കുന്നവർ വല്ലാത്തൊരു ധൈര്യമുള്ളവരാണ്. നിശബ്ദമാണെങ്കിലും സഹിഷ്ണുതയുടെ പരമാവധിയാണ് അവരുടെ മനസ്സ്. അവരുടെ ശക്തിയും വിശ്വാസവുമെല്ലാമാണ് ഇത്തരം യാത്രികർക്ക് ഊർജമാകുന്നത്. ബഹിരാകാശയാത്രികരുടെ അത്രതന്നെ അംഗീകാരം അർഹിക്കുന്നതാണ് അവരുടെ ആ ധൈര്യം. അതിന്റെ നേർസാക്ഷ്യംതന്നെയാണ് ചന്ദ്രനിലെ ഒരു ഗർത്തത്തിന് ‘കാരോളി’ന്റെ പേര് നൽകിയ ആർട്ടെമിസ് II സംഘാംഗങ്ങളുടെ മനസ്സ്. അത് മാനുഷികമായ ഒന്നായിരുന്നു. ബഹിരാകാശത്തിന്റെ വിശാലതയിലേക്ക് പോകുമ്പോഴും നമ്മുടെ സ്നേഹവും ബന്ധങ്ങളും നമ്മുടെ കഥകളും എല്ലാം നമ്മൾ നമ്മോടൊപ്പം കൊണ്ടുപോകുന്നു എന്ന ഓർമ്മപ്പെടുത്തൽകൂടിയായിരുന്നു അത്. ബഹിരാകാശ പര്യവേഷണത്തിൽ ഒരുതരം മാന്ത്രികത ഉണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. പക്ഷേ അത് ഒരിക്കലും നക്ഷത്രങ്ങളിലോ ബഹിരാകാശ പേടകത്തിലോ മാത്രമല്ല. യഥാർഥ മാന്ത്രികത നമ്മൾതന്നെയാണ്. ഈ യാത്രക്ക് ധൈര്യംപകരുന്ന, കരുതലുള്ള, ഓർമ്മിക്കുന്ന മനുഷ്യർ. നമ്മൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത സ്നേഹമാണത്. ഈ നിമിഷം അത് മനോഹരമായി പകർത്തുകയാണ്. വിവരിക്കാൻ എനിക്ക് വാക്കുകളില്ല -ദുഃഖം, അത്ഭുതം, സ്നേഹം എല്ലാം ഒരേസമയം വന്നുചേരുന്നു. നിങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ലോകം കാത്തിരിക്കുന്നു...’ ശുഭാൻഷു ശുക്ല എക്സിൽ കുറിച്ചു.