ചരിത്രനേട്ടം കൈവരിച്ച് ആർട്ടെമിസ് 2 മടങ്ങുന്നു ; ഏപ്രിൽ 11-ന് സമുദ്രത്തിൽ പേടകം പതിക്കും

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രനേട്ടം കൈവരിച്ച് നാസയുടെ ആർട്ടെമിസ് 2 പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

 

 ഫ്ലോറിഡ : ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രനേട്ടം കൈവരിച്ച് നാസയുടെ ആർട്ടെമിസ് 2 പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ദൗത്യത്തിനിടെ ചന്ദ്രോപരിതലത്തിന് 6545 കിലോമീറ്റർ വരെ അടുത്തെത്തിയ സഞ്ചാരികൾ ബഹിരാകാശത്തെ അതിമനോഹരമായ സൂര്യഗ്രഹണത്തിനും സാക്ഷ്യം വഹിച്ചു. ലൂണാർ ഫ്ലൈബൈ വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഞ്ചാരികളുമായി സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ 12.15-ഓടെ ആരംഭിച്ച ലൂണാർ ഫ്ലൈബൈ ദൗത്യത്തിനിടെ ചരിത്രപരമായ ഒരു റെക്കോർഡും ആർട്ടെമിസ് 2 സഞ്ചാരികൾ സ്വന്തമാക്കി. ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോർഡാണ് ഇവർ മറികടന്നത്. ചന്ദ്രനെ വലംവയ്ക്കുന്നതിനിടെ പ്രതീക്ഷിച്ചത് പോലെ തന്നെ ഏകദേശം 40 മിനിറ്റോളം പേടകവും ഭൂമിയും തമ്മിലുള്ള സിഗ്നലുകൾ തടസ്സപ്പെട്ടിരുന്നു. തുടർന്ന് പുലർച്ചെ 4.32-ഓടെ പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുകയും പിന്നാലെ ഏകദേശം 53 മിനിറ്റോളം നീണ്ടുനിന്ന സൂര്യഗ്രഹണം വീക്ഷിക്കുകയും ചെയ്തു.

മൂന്ന് ദിവസവും 22 മണിക്കൂറും നീളുന്ന യാത്രയ്ക്ക് ശേഷമായിരിക്കും ഒറൈൺ പേടകം ഭൂമിയിൽ തിരിച്ചെത്തുക. ഏപ്രിൽ 11-ന് പുലർച്ചെ 5.37-ന് പസഫിക് സമുദ്രത്തിൽ പേടകം പതിക്കും. കടലിലിറങ്ങുന്ന പേടകത്തെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ‘യു.എസ്.എസ് ജോൺ പി മൂർത്ത’ എന്ന കപ്പലിലേക്ക് മാറ്റാനാണ് തീരുമാനം. കപ്പലിൽ വെച്ച് സഞ്ചാരികളെ പ്രാഥമിക വൈദ്യപരിശോധനകൾക്ക് വിധേയരാക്കിയ ശേഷം ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോകുന്നതോടെ ദൗത്യം ഔദ്യോഗികമായി അവസാനിക്കും.