ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു, തളർന്നുവീണയാൾക്ക് രക്ഷയായത് ആപ്പിൾ വാച്ച്

സാങ്കേതികവിദ്യയ്ക്ക് ജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന് ചോദ്യം ? പറ്റുമെന്നാണ് ഉത്തരം.  ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ടെയ്‌ലർ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഗുരുതരമായ ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിൽ ആപ്പിൾ വാച്ച് നിർണായക പങ്കുവഹിച്ചുവെന്ന് ടെയ്‌ലർ പറയുന്നു.

 

സാങ്കേതികവിദ്യയ്ക്ക് ജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന് ചോദ്യം ? പറ്റുമെന്നാണ് ഉത്തരം.  ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ടെയ്‌ലർ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഗുരുതരമായ ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിൽ ആപ്പിൾ വാച്ച് നിർണായക പങ്കുവഹിച്ചുവെന്ന് ടെയ്‌ലർ പറയുന്നു.

കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടപ്പാതയിൽ മുഖമടിച്ചാണ് ടെയ്‌ലർ വീണത്. അപ്പോൾ ആപ്പിൾ വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ സജീവമായി. ഉപയോക്താവിന്റെ പെട്ടെന്നുള്ള വീഴ്ചയും ചലനരാഹിത്യവും തിരിച്ചറിഞ്ഞ വാച്ച് അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടു.

ജലദോഷവും ചുമയും ഉണ്ടായിരുന്നതിനാൽ കോവിഡോ മറ്റോ ആണെന്നാണ് കരുതിയതെന്ന് ടെയ്‌ലർ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു. വൈകുന്നേരം വരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. വാഹനങ്ങൾ കുറവുള്ള കാർ പാർക്കിംഗിലൂടെ നടക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കാറിനടുത്തെത്തിയിരുന്നുവെന്നാണ് ഓർമ, മുഖം നിലത്തേക്കടുക്കുന്നതും വാച്ച് വൈബ്രേറ്റ് ചെയ്യുന്നതും എസ്ഒഎസ് സന്ദേശം പ്രദർശിപ്പിക്കുന്നതുമാണ് അവസാനം കണ്ടതെന്ന് ടെയ്‌ലർ ഓർക്കുന്നു.

വീഴ്ച തിരിച്ചറിഞ്ഞ ആപ്പിൾ വാച്ച് ആദ്യം എസ്ഒഎസ് കോൾ സജീവമാക്കി. മുൻകൂട്ടി സെറ്റ് ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്ന ഈ ഫീച്ചർ, ശരീരം ചലിപ്പിക്കാൻ കഴിയാത്തവർക്ക് സംസാരിക്കാൻ സാധിക്കുമ്പോൾ വിവരം അറിയിക്കാൻ സഹായിക്കുന്നു. എന്നാൽ, എസ്ഒഎസ് അറിയിപ്പ് കണ്ട ടെയ്‌ലർ അബദ്ധവശാൽ കോൾ ഡിസ്കണക്ട് ചെയ്തു. എങ്കിലും, അതിനകം 911 വഴി അടിയന്തര സേവനങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു. അവർ ഉടൻ തിരികെ വിളിച്ചു, ടെയ്‌ലർ സഹായം ആവശ്യപ്പെട്ടു.

ആശുപത്രിയിൽ എത്തിച്ച ടെയ്‌ലറിന്റെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി, ഇത് ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തിയതാണ് ശ്വാസതടസത്തിനും വീഴ്ചയ്ക്കും കാരണമായത്. വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചതാണ് ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർ പിന്നീട് അറിയിച്ചുവെന്ന് ടെയ്‌ലർ പോസ്റ്റിൽ പറഞ്ഞു.

ആപ്പിൾ വാച്ച് ആക്സലറോമീറ്റർ, ഗൈറോസ്കോപ്പ് തുടങ്ങിയ നൂതന സെൻസറുകൾ ഉപയോഗിച്ച് ഉപയോക്താവിന്റെ ചലനങ്ങൾ വിശകലനം ചെയ്യുന്നു. പെട്ടെന്നുള്ള വീഴ്ച കണ്ടെത്തുമ്പോൾ, ഫാൾ ഡിറ്റക്ഷൻ ഫീച്ചർ പ്രവർത്തിക്കുകയും വാച്ചിൽ അലാറം മുഴങ്ങുകയും സ്ക്രീനിൽ അറിയിപ്പ് പ്രദർശിപ്പിക്കുകയും ചെയ്യും. ഒരു മിനിറ്റിനുള്ളിൽ പ്രതികരണം ലഭിച്ചില്ലെങ്കിൽ, വാച്ച് സ്വയം അടിയന്തര സേവനങ്ങളെ വിളിക്കുകയും ഉപയോക്താവിന്റെ ലൊക്കേഷൻ പങ്കുവെക്കുകയും ചെയ്യും.

കൂടാതെ, വാച്ചിന്റെ സൈഡ് ബട്ടൻ അമർത്തിപ്പിടിച്ചാൽ എമർജൻസി എസ്ഒഎസ് ഫീച്ചർ വഴി അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാം. ഉപയോക്താക്കൾ മുൻകൂട്ടി സെറ്റ് ചെയ്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്കും സന്ദേശം അയക്കാനാകും. ടെയ്‌ലറിന്റെ കാര്യത്തിൽ, 56 കിലോമീറ്റർ അകലെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അടിയന്തര സന്ദേശം ലഭിച്ചിരുന്നു.