ആപ്പിൾ ഐഫോൺ ഫോൾഡ് എത്തുന്നു

ആപ്പിൾ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ . ഇതുവരെ ഈ വിഭാഗത്തിൽ ഒരു ഡിവൈസും പുറത്തിറക്കാത്ത ആപ്പിൾ, പുതിയ ഐഫോൺ ഫോൾഡ് വഴി വിപണിയിൽ വലിയ മാറ്റം സൃഷ്‍ടിക്കും എന്നാണ് റിപ്പോർട്ടുകൾ.
 

കാലിഫോര്‍ണിയ: ആപ്പിൾ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ . ഇതുവരെ ഈ വിഭാഗത്തിൽ ഒരു ഡിവൈസും പുറത്തിറക്കാത്ത ആപ്പിൾ, പുതിയ ഐഫോൺ ഫോൾഡ് വഴി വിപണിയിൽ വലിയ മാറ്റം സൃഷ്‍ടിക്കും എന്നാണ് റിപ്പോർട്ടുകൾ. 2019-ൽ സാംസങ് അവതരിപ്പിച്ച ഗ്യാലക്‌സി ഫോൾഡ് സ്‍മാർട്ട്‌ഫോണാണ് ആഗോളതലത്തിൽ ഫോൾഡബിൾ വിപണിക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഇപ്പോൾ ആപ്പിളും ഈ രംഗത്തേക്ക് കടക്കുകയാണ്.

ആപ്പിൾ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ ഐഫോൺ ഫോൾഡ് അൾട്ര എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസൈൻ കാര്യത്തിൽ ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള ഐഫോണുകളിൽ നിന്നും ഏറെ വ്യത്യസ്‍തമായിരിക്കും ഈ ഫോൺ എന്നാണ് റിപ്പോർട്ടുകൾ. 7.8 ഇഞ്ച് വലുപ്പമുള്ള ഇന്‍റേണൽ ഒഎൽഇഡി ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടർ സ്ക്രീനും ഉൾക്കൊള്ളുന്ന ബുക്ക്-സ്റ്റൈൽ ഫോം ഫാക്‌ടറാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ ദൈർഘ്യമുള്ള ഉപയോഗത്തിനായി ലിക്വിഡ് മെറ്റൽ ഹിഞ്ച് ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഐഫോൺ ഫോൾഡ് പുതിയ തലമുറ എ20 പ്രോ ചിപ്പുമായി എത്തും. 2എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പ്രോസസർ മികച്ച പ്രകടനവും ഊർജക്ഷമതയും നൽകുമെന്നാണ് പ്രതീക്ഷ. 12 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ് എന്നിവയും ഉണ്ടായിരിക്കും. ബാറ്ററി ശേഷി 5,400 മുതൽ 5,800 എംഎഎച്ച് വരെയായിരിക്കും. അതായത് ഈ ഐഫോൺ, ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുമായി വരും എന്നാണ് റിപ്പോർട്ടുകൾ.

ക്യാമറ വിഭാഗത്തിൽ, 48 എംപി മെയിൻ ക്യാമറയും 48 എംപി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ സെറ്റപ്പ് പ്രതീക്ഷിക്കുന്നു. സോഫ്റ്റ്‍വെയറായി ഐഒഎസ് 27 ഉപയോഗിച്ച് മൾട്ടി ടാസ്‍കിംഗ് സൗകര്യങ്ങളും മെച്ചപ്പെട്ട ആപ്പ് ലേഔട്ടുകളും ലഭ്യമാകും. ഐഫോൺ ഫോൾഡ് 2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം പുറത്തിറങ്ങാനാണ് സാധ്യത. എന്നാൽ, വിൽപ്പനയ്ക്ക് ലഭ്യമാകുന്നത് കുറച്ച് വൈകാനിടയുണ്ട്. ആപ്പിൾ ഐഫോൺ ഫോൾഡിന് 2,000 ഡോളർ മുതൽ 2,400 ഡോളർ വരെ വില ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.