ആപ്പിളിന്റെ ഐഒഎസ് 27 അപ്‌ഡേറ്റിലെ പ്രത്യേകതകൾ പുറത്ത്
ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 27 (iOS 27)-നെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. 2026 ജൂൺ 8-ന് നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ അപ്‌ഡേറ്റിൽ ആപ്പിൾ തങ്ങളുടെ ഡിജിറ്റൽ അസിസ്റ്റന്റായ ‘സിരി’യെ പൂർണ്ണമായും ഉടച്ചുവാർക്കുകയാണ്. ആധുനിക എഐ ചാറ്റ്ബോട്ടുകൾക്ക് സമാനമായ കരുത്തുമായാണ് പുതിയ സിരി എത്തുന്നത്.

സിരി ഇനി കൂടുതൽ സ്മാർട്ട്
നിലവിലെ വോയിസ് അസിസ്റ്റന്റിൽ നിന്ന് വ്യത്യസ്തമായി സിരിക്ക് പ്രത്യേകം ഒരു ആപ്പ് തന്നെ ഐഒഎസ് 27-ൽ ലഭിക്കും. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് വഴിയോ ശബ്ദം വഴിയോ സിരിയുമായി സംവദിക്കാം. ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കാനും ഫയലുകൾ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ടാകും. ചാറ്റ്‌ജിപിടി , ജെമിനി തുടങ്ങിയ ചാറ്റ്ബോട്ടുകൾക്ക് സമാനമായി കൂടുതൽ സ്വാഭാവികമായ സംഭാഷണങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും.
‘സെർച്ച് ഫോർ ആസ്‌ക്’ എന്ന പുതിയ എഐ ഇന്റർഫേസ്
ഐഫോൺ സ്ക്രീനിന്റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ പ്രവർത്തനക്ഷമമാകുന്ന ‘സെർച്ച് ഫോർ ആസ്‌ക്’ എന്ന പുതിയ എഐ സംവിധാനവും ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്. ഡൈനാമിക് ഐലൻഡിൽ ടെക്സ്റ്റ് കാർഡുകളായി വിവരങ്ങൾ ലഭിക്കുന്ന ഈ സംവിധാനത്തിൽ കാലാവസ്ഥാ വിവരങ്ങൾ, സമീപകാല തിരച്ചിലുകൾ, ഷോർട്ട്കട്ടുകൾ എന്നിവ ഉൾപ്പെടും.
ക്യാമറയിലും ഫോട്ടോ എഡിറ്റിംഗിലും എഐ വിപ്ലവം
ക്യാമറ ആപ്പിൽ വിഷ്വൽ ഇന്റലിജൻസിന് പകരം സിരി അടിസ്ഥാനമാക്കിയുള്ള പുതിയ എഐ മോഡ് എത്തും. ചിത്രങ്ങളിലെ വസ്തുക്കളെ തിരിച്ചറിയാനും വിവരങ്ങൾ ശേഖരിക്കാനും റിവേഴ്‌സ് ഇമേജ് സെർച്ച് നടത്താനും ഇതിലൂടെ കഴിയും. ഫോട്ടോസ് ആപ്പിൽ എത്തുന്ന എഐ എഡിറ്റിംഗ് ടൂളുകളാണ് മറ്റൊരു പ്രധാന സവിശേഷത. ‘റീഫ്രെയിം’, ‘എക്സ്റ്റൻഡ്’ എന്നീ ഫീച്ചറുകൾ ഉപയോഗിച്ച് ചിത്രങ്ങളുടെ ആംഗിൾ മാറ്റാനും, ചിത്രത്തിൽ ഇല്ലാത്ത ഭാഗങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിക്കാനും സാധിക്കും. കൂടാതെ, ഷോർട്ട്കട്ട്സ് ആപ്പിൽ സ്വാഭാവിക ഭാഷ ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകി ഓട്ടോമേഷനുകൾ സൃഷ്ടിക്കാനുള്ള സൗകര്യവും ഐഒഎസ് 27-ൽ ഉണ്ടാകും. സ്മാർട്ട്ഫോൺ ലോകത്തെ എഐ മത്സരത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ആപ്പിളിന്റെ നിർണ്ണായക നീക്കമായാണ് ഈ മാറ്റങ്ങളെ ടെക് വിദഗ്ധർ വിലയിരുത്തുന്നത്.