ആപ്പിളിന്‍റെ സ്വപ്‌ന ഫോണ്‍ പ്രതിസന്ധിയിലോ?
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് സംബന്ധിച്ച് വീണ്ടും ആശയക്കുഴപ്പം. ഐഫോണ്‍ ഫോള്‍ഡിന്‍റെ വന്‍ തോതിലുള്ള ഉത്പാദനം വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് വെയ്‌ബോയില്‍ ഒരു ചൈനീസ് ടിപ്സ്റ്ററുടെ വെളിപ്പെടുത്തല്‍. ഫോള്‍ഡബിളിന്‍റെ ഹിഞ്ചിലല്ല ഈ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും പ്രീ-അസംബ്ലി സമയത്ത് സർഫേസ്-മൗണ്ട് സാങ്കേതികവിദ്യ പ്രശ്‌നങ്ങളാണ് ആപ്പിളിനെ കുഴക്കുന്നത് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഫോള്‍ഡബിളിന്‍റെ ഹിഞ്ച് ആപ്പിളിന്‍റെ ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്.
വരുന്ന സെപ്റ്റംബറില്‍ ഐഫോണ്‍ 18 പ്രോ സീരീസിനൊപ്പം ഫോള്‍ഡബിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്യും എന്നായിരുന്നു മുമ്പ് വന്നിരുന്ന സൂചനകള്‍. എന്നാല്‍ കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണിന്‍റെ ലോഞ്ച് എപ്പോഴെന്ന് ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോണ്‍ അള്‍ട്ര എന്നാണ് ഈ ഫോള്‍ഡബിളിന് പറയപ്പെടുന്ന പേര്. ഐഫോണ്‍ ഫോള്‍ഡിന്‍റെ വില രണ്ടായിരം ഡോളര്‍ കടന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് സൂചനകള്‍.
ഐഫോണ്‍ ഫോള്‍ഡ്: പറയപ്പെടുന്ന ഫീച്ചറുകള്‍
ഐഫോണ്‍ ഫോള്‍ഡിന്‍റെ ഡിസൈൻ സൂചനകള്‍ പറയുന്നത് ഫോണിന് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ രൂപകൽപ്പനയാകും എന്നാണ്. സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 7 പോലുള്ള മറ്റു ഫോൾഡബിൾ ഫോണുകളേക്കാൾ അൽപ്പം വീതിയേറിയതും കുറഞ്ഞ ഉയരവുമുള്ള രൂപമായിരിക്കും ഇതിന്. ഫോണിന് 7.8-ഇഞ്ച് ഉള്ളിലെ സ്ക്രീനും 5.5-ഇഞ്ച് പുറം സ്ക്രീനും ഉണ്ടായിരിക്കാം. ഫേസ് ഐഡി ഇല്ലാതെ സൈഡ് മൗണ്ടഡ് ടച്ച്-ഐഡി ഉപയോഗിക്കാനാണ് സാധ്യത. ക്യാമറയിൽ 48എംപി പ്രൈമറി, 48എംപി അൾട്ര-വൈഡ് സെൻസറുകൾ ഉൾപ്പെടുന്ന ഡ്യുവൽ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഐഫോണിൽ പുതിയ എ20 പ്രോ ചിപ്പും 12 ജിബി റാമും 1 ടിബി സ്റ്റോറേജും ലഭ്യമാകുമെന്നാണ് സൂചന. 5,400 എംഎഎച്ച് മുതൽ 5,800 എംഎഎച്ച് വരെ ശേഷിയുള്ള വലിയ ബാറ്ററിയും പറയപ്പെടുന്ന ഐഫോണ്‍ ഫോള്‍ഡ് ചിലപ്പോള്‍ ഇ-സിം മാത്രമേ പിന്തുണയ്‌ക്കുകയുള്ളൂ.