ആന്ത്രോപ്പിക്കിന്റെ ഏറ്റവും പുതിയ എഐ മോഡലുകളായ ‘ഫേബിൾ 5’, ‘മിത്തോസ് 5’ ക്ക് പൂട്ടുവീണു
ആന്ത്രോപ്പിക്കിന്റെ ഏറ്റവും പുതിയ എഐ മോഡലുകളായ ‘ഫേബിൾ 5’, ‘മിത്തോസ് 5’ എന്നിവ പിൻവലിച്ചതിന് പിന്നിൽ ആമസോൺ റിസർച്ച് ടീമിന്റെ സുപ്രധാന ഇടപെടലുകൾ. ട്രംപ് ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്നാണ് കമ്പനി ഈ മോഡലുകൾ പിൻവലിച്ചത്. ആമസോൺ സിഇഒ ആൻഡി ജാസിയും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചകളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.
ഫേബിൾ 5 മോഡലിൽ സൈബർ ആക്രമണങ്ങൾക്ക് സഹായകമാകുന്ന അതീവ സുപ്രധാന വിവരങ്ങൾ ഉണ്ടെന്ന് ആമസോൺ റിസർച്ച് ടീം കണ്ടെത്തിയിരുന്നു. വിവിധ പ്രോംപ്റ്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, സൈബർ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ നൽകാൻ ഈ മോഡലിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായതോടെയാണ് ആമസോൺ അധികൃതരെ വിവരമറിയിച്ചത്. ശക്തമായ എഐ സിസ്റ്റങ്ങൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ ട്രംപ് ഭരണകൂടം നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഈ കണ്ടെത്തലുകൾ ജാസി സർക്കാർ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചത്.
ഏറ്റവും അപകടകരമായ എഐ മോഡൽ എന്ന് ആന്ത്രോപിക് തന്നെ വിശേഷിപ്പിച്ച ‘ക്ലോഡ് മിത്തോസ്’, സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാധാരണ കഴിവുള്ളതാണ്. ഇതിന്റെ കഴിവുകൾ പരിമിതപ്പെടുത്തിയാണ് ഫേബിൾ 5 പുറത്തിറക്കിയതെങ്കിലും, സുരക്ഷാ ആശങ്കകളെത്തുടർന്ന് രണ്ട് മോഡലുകളും പിൻവലിക്കാൻ കമ്പനി നിർബന്ധിതരായി.
അതേസമയം, ആന്ത്രോപ്പിക്കിന്റെ പുതിയ ഡേറ്റാ റീടെൻഷൻ നയം വലിയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഓരോ പ്രോംപ്റ്റും ഔട്ട്പുട്ടും 30 ദിവസത്തേക്ക് സെർവറുകളിൽ സൂക്ഷിക്കാനുള്ള നീക്കത്തിനെതിരെ മൈക്രോസോഫ്റ്റും വിവിധ നിയമസ്ഥാപനങ്ങളും രംഗത്തെത്തി. ഉപയോക്താക്കളുടെ ഡേറ്റാ പ്രൈവസിയെയും അഭിഭാഷക-ക്ലയിന്റ് രഹസ്യസ്വഭാവത്തെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഈ മോഡൽ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, എഐ മോഡലുകളുടെ ദുരുപയോഗവും ‘ജയിൽ ബ്രേക്ക്’ ശ്രമങ്ങളും തടയാനാണ് ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമെന്നാണ് ആന്ത്രോപ്പിക്കിന്റെ വിശദീകരണം.