ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക
ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇന്നുമുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടും.
വാഷിങ്ടൺ: ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇന്നുമുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടും. 19-നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യുഎസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നത്.
ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളുകയും ചെയ്തു. ഇതോടെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ടിക് ടോക് യുഎസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. ട്രംപ് ഭരണകൂടമാണ് നിയമം നടപ്പാക്കേണ്ടതെന്നും അവർ ചൂണ്ടിക്കാണിച്ചു. അതേസമയം നിരോധനം നിലവിൽ വരുന്നതോടെ ആപ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയില്ല.