'തന്റെ മകനെതിരെ അവൻ പ്രവർത്തിച്ചു' : ധോണിയെ വിമർശിച്ച് യുവരാജ് സിംഗിന്റെ പിതാവ്
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ വിമർശിച്ച് സഹതാരം യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗരാജിന്റെ പ്രതികരണം. തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചുവെന്ന് യോഗരാജ് ആരോപിച്ചു.
തനിക്ക് ധോണിയോട് ക്ഷമിക്കാൻ കഴിയില്ല. അയാൾ സ്വയം കണ്ണാടിയിൽ നോക്കണം. ധോണി വലിയൊരു ക്രിക്കറ്റ് താരമാണ്. പക്ഷേ തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചു. എല്ലാം ഇപ്പോൾ പുറത്തുവരികയാണ്. രണ്ട് കാര്യങ്ങൾ താൻ ജീവിതത്തിൽ ചെയ്യുകയില്ല. ഒന്നാമത്തെ കാര്യം തന്നോട് തെറ്റ് ചെയ്തവരോട് താൻ ക്ഷമിക്കുകയില്ല. അവരെ ഒരിക്കലും താൻ ഇഷ്ടപ്പെടുകയുമില്ലെന്ന് യോഗരാജ് സിംഗ് പറഞ്ഞു.
2024ലെ ഐപിഎല്ലിൽ ചെന്നൈ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് അവർ പരാജയപ്പെട്ടത്. യുവരാജ് സിംഗിനെ ഐസിസി അംബാസിഡർ ആക്കിയപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ധോണി മാത്രം അഭിനന്ദിക്കാൻ എത്തിയില്ല. അതുകൊണ്ടാണ് ചെന്നൈ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പരാജയപ്പെട്ടതെന്നും യോഗരാജ് സിംഗ് പറഞ്ഞു.
ഇന്ത്യൻ ടീമിൽ നാലോ അഞ്ചോ വർഷം കൂടി യുവരാജിന് കളിക്കാൻ കഴിയുമായിരുന്നു. എല്ലാവരും യുവരാജ് സിംഗിനെപ്പോലൊരു മകൻ ജനിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഇനിയൊരു യുവരാജിനെ ലഭിക്കില്ലെന്ന് വിരേന്ദർ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാൻസറുമായി പടപൊരുതി ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിനൽകിയ യുവരാജിന് ഭാരത് രത്ന നൽകണമെന്നും യോഗരാജ് സിംഗ് ആവശ്യപ്പെട്ടു.