വിമൻസ് അണ്ടർ 23 ടി 20; വിജയം തുടർന്ന് കേരളം

വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് 100 റൺസ് മാത്രമാണ് നേടാനായത്.

 


ഗുവഹാത്തി: വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് 100 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ മാളവിക സാബുവിൻ്റെയും അനന്യ കെ പ്രദീപിൻ്റെയും മികച്ച ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. മാളവിക സാബു 47ഉം അനന്യ കെ പ്രദീപ് പുറത്താകാതെ 44 റൺസും നേടി. കശ്മീരിന് വേണ്ടി മരിയ നൂറൈനും രുദ്രാക്ഷി ഛിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.  മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ലളിതയും മധു ദേവിയും  ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഇതോടെ ജമ്മു കശ്മീരിൻ്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ അവസാനിച്ചു. ലളിത 31ഉം മധു ദേവി പുറത്താകാതെ 27ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറഉം, നിത്യ ലൂർദ്ദും ഐശ്വര്യ എ കെയും അലീന എംപിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.