വിജയിച്ച് കയറാൻ വാരിയേഴ്‌സ്
സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ സാധ്യത നിലനിർത്താൻ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി തൃശൂർ മാജിക് എഫ്‌സിക്കെതിരെ ഇറങ്ങും. നവംബർ 7 ന് ശനിയാഴ്ച വൈകീട്ട് 7.30 ന് തൃശൂർ കോപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ സാധ്യത നിലനിർത്താൻ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി തൃശൂർ മാജിക് എഫ്‌സിക്കെതിരെ ഇറങ്ങും. നവംബർ 7 ന് ശനിയാഴ്ച വൈകീട്ട് 7.30 ന് തൃശൂർ കോപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
അവസാന മത്സരത്തിൽ പരാജയപ്പെട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി സ്വന്തം മൈതാനത്ത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തിരുവനന്തപുരം കൊമ്പൻസിനെതിരെ പരാജയപ്പെട്ടപ്പോൾ ഫോഴ്‌സ കൊച്ചിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് തൃശൂരിന്റെ ഇറക്കം. അവസാന മത്സരങ്ങളിൽ ഇരുടീമുകളും രണ്ട് തവണ ഓരോ ഗോളിന് പിന്നിട്ടുനിന്ന ശേഷം സമനില പിടിച്ചത് കൊണ്ട് തന്നെ ടീമിൽ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.
കണ്ണൂർ വാരിയേഴ്‌സ് ടീം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ആക്രമണവും പ്രതിരോധവും ഫോമിലല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മാത്രം നിരവധി അവസരങ്ങൾ ലഭിച്ച ടീമിന് കഴിഞ്ഞ മത്സരത്തിലാണ് ഗോൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്. അതോടൊപ്പം പ്രതിരോധത്തിലെ പാളിച്ചകളും ടീമിന് തിരിച്ചടിയാണ്. മൂന്ന് മത്സരത്തിൽ നിന്ന് ഏഴ് ഗോളാണ് ടീം വഴങ്ങിയത്. ടീം വരുത്തുന്ന പിഴവിൽ നിന്നാണ് എതിർടീം ഗോൾ നേടുന്നത് എന്നത് തലവേദനയാണ്.
ആറ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല എന്ന ചീത്തപേര് സ്വന്തം ആരാധകർക്ക് മുന്നിൽ തീർക്കാനാകും തൃശൂരിന്റെ ശ്രമം. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും മൂന്ന് സമനിലയുമാണ് ടീമിന് നേടാൻ സാധിച്ചത്. അതോടൊപ്പം ഒരു മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയും ചെയ്തു.