മത്സരത്തിനിടെ കുഴഞ്ഞുവീണ് യുറഗ്വായ് ഫുട്‌ബോള്‍ താരം ഹുവാന്‍ ഇസ്‌ക്വിയര്‍ദോയ്ക്ക് ദാരുണാന്ത്യം

മത്സരത്തിനിടെ കുഴഞ്ഞുവീണ് യുറഗ്വായ് ഫുട്‌ബോള്‍ താരം ഹുവാന്‍ ഇസ്‌ക്വിയര്‍ദോ മരണപ്പെട്ടു. കഴിഞ്ഞയാഴ്ച കോപ്പ ലിബര്‍ട്ടഡോഴ്‌സ് മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്.
 
juan izquierdo

സാവോപോളോ: മത്സരത്തിനിടെ കുഴഞ്ഞുവീണ് യുറഗ്വായ് ഫുട്‌ബോള്‍ താരം ഹുവാന്‍ ഇസ്‌ക്വിയര്‍ദോ മരണപ്പെട്ടു. കഴിഞ്ഞയാഴ്ച കോപ്പ ലിബര്‍ട്ടഡോഴ്‌സ് മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ബ്രസീലിലെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ന്യൂറോളജിക്കല്‍ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്‌തെങ്കിലും ആരോഗ്യനില വഷളായി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.

ക്ലബ് നസിയോണലിന്റെ പ്രതിരോധ താരമാണ് ഈ ഇരുപത്തേഴുകാരന്‍. 2018-ല്‍ സെറോ ക്ലബ്ബിലാണ് ഇസ്‌ക്വിയര്‍ദോ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിറ്റേ വര്‍ഷം പെണറോളിലേക്ക് കൂടുമാറി. തുടര്‍ന്ന് മോണ്ടിവിഡിയോ വാണ്ടറേഴ്‌സിലേക്കും 2022-ല്‍ നസിയോണലിലേക്കും മാറി. 

അതിനുശേഷം ലിവര്‍പൂളിന്റെ ലോക്കല്‍ ക്ലബ്ബില്‍ മത്സരിച്ച അദ്ദേഹം അവിടെ മിന്നും പ്രകടനം നടത്തി. നസിയോണലിലേക്ക് ഈവര്‍ഷം വീണ്ടും മടങ്ങിയെത്തി. ക്ലബ്ബില്‍ 23 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോള്‍ നേടിയിട്ടുണ്ട്. ബ്രസീലില്‍ സാവോപോളോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.