തലേദിവസം വന്നിട്ട് ഞങ്ങള്‍ കളിക്കില്ല എന്നു പറയുന്നത് ശരിയായ കാര്യമല്ല; ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണമെന്ന് സുനില്‍ ഗാവസ്‌കര്‍

ടി20 ലോകകപ്പ് കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി കളത്തില്‍ ഏറ്റുമുട്ടില്ലെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സര്‍ക്കാരാണ് പ്രഖ്യാപിച്ചത്.

 

അവസാന നിമിഷമാണോ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നു ഗാവസ്‌കര്‍ ചോദിക്കുന്നു. 

മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിന് പിന്നാലെ  ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണമെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ടി20 ലോകകപ്പ് കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി കളത്തില്‍ ഏറ്റുമുട്ടില്ലെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. അവസാന നിമിഷമാണോ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നു ഗാവസ്‌കര്‍ ചോദിക്കുന്നു. 

'അവസാന നിമിഷം കളിക്കില്ലെന്നു പറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. നേരത്തെ തന്നെ പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു എങ്കില്‍ മനസിലാക്കാം. എന്നാല്‍ ടൂര്‍ണമെന്റിന്റെ തലേദിവസം വന്നിട്ട് ഞങ്ങള്‍ കളിക്കില്ല എന്നു പറയുന്നത് ശരിയായ കാര്യമല്ല. ഐസിസി മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ എന്താണ് തീരുമാനിക്കുന്നത് എന്നറിയില്ല. പാകിസ്ഥാനെതിരായ നടപടി ഐസിസിയിലെ ഒരാള്‍ക്ക് മാത്രം എടുക്കാന്‍ സാധിക്കുന്ന കാര്യമായിരിക്കില്ല. കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. എന്തായാലും ഭാവിയില്‍ മറ്റൊരു ടീമും ഇങ്ങനെ അവസാന മണിക്കൂറില്‍ പിന്‍മാറുന്നില്ലെന്നു ഉറപ്പാക്കുന്ന തരത്തിലുള്ള നടപടി പാകിസ്ഥാനെതിരെ എടുക്കണം.'

'ഇന്ത്യക്കെതിരെ കളിക്കാന്‍ വിസമ്മതിച്ച പാകിസ്ഥാന്റെ നിലപാട് ഐസിസിയെ ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ ടീമിനെതിരെ നിയമ നടപടിയും സ്വീകരിക്കും അതും ഉറപ്പാണ്. നിയമപരമായ കാര്യത്തിലെ ഫലം എന്തായിരിക്കും എന്നു എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും ഐസിസി ഈ നിലപാടില്‍ അസംതൃപ്തരാണെന്ന കാര്യം വ്യക്തമാണ്'- ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.