സവിശേഷ കഴിവുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സുമായി എസ്.എസ്.കെ
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളെയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാവുന്നതിന്
കാസർകോട് : ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളെയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാവുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ് .കെയും ചേര്‍ന്ന് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സംഘടിപ്പിക്കും. എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന കായിക മേളയില്‍ സവിശേഷ കഴിവുള്ള രണ്ടായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.സംസ്ഥാന കായിക മേളയില്‍ കാസര്‍കോട് ജില്ല ടീമിനെ ഒരുക്കുന്നതിനായി ജില്ലാതല കോര്‍ കമ്മിറ്റിയുടെ ഏകദിന യോഗം കലക്ട്രേറ്റ് ഹാളില്‍ നടന്നു.
ജില്ലാ ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തി. എസ് എസ് കെയുടെ നേതൃത്വത്തില്‍ ജില്ലാ സെലക്ഷന് മുന്നോടിയായി രണ്ട് മേഖലകള്‍ തിരിച്ചു സെലക്ഷന്‍ നടത്താനും തീരുമാനിച്ചു. ചിറ്റാരിക്കല്‍, ചെറുവത്തുര്‍, ഹോസ്ദുര്‍ഗ്ഗ് സബ്ബ് ജില്ലകളെ മേഖല ഒന്നില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 30ന് നീലേശ്വരം ഇ.എം.എസ് സ് മാരക സിന്തറ്റിക്ക് സ്റ്റേഡിയത്തിലും കുമ്പള, കാസര്‍കോട്, ബേക്കല്‍,മഞ്ചേശ്വരം സബ് ജില്ലകളെ മേഖല രണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കാസര്‍കോട് ബിആര്‍സി ഷിരി ബാഗിലു സ്‌കൂള്‍ ഗ്രൗണ്ടിലും മേഖലാതല സെലക്ഷന്‍ നടക്കും. ഒക്ടോബര്‍ മൂന്നിന് നീലേശ്വരം ഇ.എം.എസ് സ്മാരക സിന്തിക്കറ്റ് സ്റ്റേഡിയത്തില്‍ ജില്ലാതല സെലക്ഷന്‍ സംഘടിപ്പിക്കും. ജില്ലാ ടീം രൂപീകരണത്തിന് ശേഷം കായിക താരങ്ങള്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കും.
ഏഴ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ജില്ലയെ പ്രതിനിധീകരിച്ച് ഏഴ് ഇനങ്ങളിലായി 150 ഓളം വിദ്യാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുക്കും. കായിക താരങ്ങള്‍ക്ക് ആവശ്യമായ ജേഴ്‌സി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നല്‍കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് ,വിദ്യാഭ്യാസ വകുപ്പ്,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ഏകോപനം ഉറപ്പാക്കി പരിപാടി വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കാസര്‍കോട് കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍ സരിത,ഡെപ്യൂട്ടി കളക്ടര്‍ സുര്‍ജിത്.പി ഐ.എ.എസ്, കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മധുസൂദനന്‍,ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.എസ് ബിജുരാജ്,വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എം. സുനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ. പി രഞ്ജിത്ത്, ടി. പ്രകാശന്‍,അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ഷൗക്കത്തലി,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി കെ. ശാരിക എന്നിവര്‍ സംബന്ധിച്ചു.