സെർബിയൻ സ്‌ട്രൈക്കർ ബോഗ്ദാൻ സ്റ്റമെൻകോവിച്ച് വാരിയേഴ്‌സിൽ
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സി ആക്രമണത്തിന് കരുത്ത് പകരാൻ സെർബിയൻ സ്‌ട്രൈക്കർ ബോഗ്ദാൻ സ്റ്റമെൻകോവിച്ചിനെ സ്വന്തമാക്കി. കൂടാതെ പ്രതിരോധ താരം ഷിബിൻ സാദിനെയും മസാജ് തറാപിസ്റ്റായി സുധിൻ പുലക്കലിനെ ടീമിലെത്തിച്ചു.
സെർബിയ സ്വദേശിയായ ബോഗ്ദാൻ സ്റ്റമെൻകോവിച്ച് സെർബിയ, ഗ്രീസ്, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിലെ പ്രൊഫഷണൽ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുള്ള സ്‌ട്രൈക്കറാണ്. 2024ൽ സെർബിയൻ ആദ്യ ഡിവിഷൻ കിരീടവും നേടിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ സെന്റർ ബാക്ക് ഷിബിൻ സാദ് എം കഴിഞ്ഞ തവണ കിരീടം നേടിയ കണ്ണൂർ വാരിയേഴ്‌സ് അംഗമായിരുന്നു. കൽക്കട്ട പ്രീമിയർ ലീഗിൽ ഭവാനിപൂർ എഫ്സിയിൽ നിന്നാണ് താരം വാരിയേഴ്‌സിലെത്തിയിരിക്കുന്നത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സുധിൻ പുലക്കലാണ് ടീമിന്റെ പുതിയ മസാജ് തറാപിസ്റ്റ്. 2022 ൽ മലേഷ്യയിൽ നടന്ന സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ ടീമിന്റെ തറാപ്പിസ്റ്റായിരുന്നു. ഇന്ത്യ, യുകെ, യുഎഇ എന്നിവിടങ്ങളിലെ കായിക രംഗത്ത് പ്രവർത്തിച്ച പരിചയസമ്പത്തും സുധിനുണ്ട്.