സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾ ഒരു ടീമിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് : വാനോളം പുകഴ്ത്തി സൂര്യകുമാർ യാദവ്
ടി20 ലോകകപ്പിൽ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നിൽ മലയാളി താരം സഞ്ജു സാംസൺ വഹിച്ച പങ്കിനെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്നിട്ടും സഞ്ജു പുലർത്തിയ അസാമാന്യമായ ആത്മസമർപ്പണവും പോസിറ്റീവ് മനോഭാവവുമാണ് ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായകമായതെന്ന് സൂര്യകുമാർ വെളിപ്പെടുത്തി. ലോകകപ്പ് വിജയത്തിന് ശേഷം നടന്ന ഒരു പ്രത്യേക പരിപാടിയിൽ സംസാരിക്കവെ, സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾ ഒരു ടീമിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കാത്ത കളിക്കാരെ മാനസികമായി സജ്ജരാക്കി നിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സൂര്യകുമാർ പറഞ്ഞു. എന്നാൽ ടൂർണമെന്റിന്റെ തുടക്കത്തിൽ ടീമിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ, “ടീമിനായി എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് മാത്രം നിങ്ങൾ പറഞ്ഞാൽ മതി” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു കളിക്കാരനിൽ നിന്ന് ലഭിക്കുന്ന ഇത്തരമൊരു നിലപാട് ഏതൊരു നായകനും വലിയ കരുത്താണ് നൽകുന്നത്. ടീമിലെ 1-ാം നമ്പർ മുതൽ 15-ാം നമ്പർ വരെയുള്ള ഓരോ കളിക്കാരനും ഈ വിജയത്തിൽ തനതായ പങ്കുണ്ടെന്നും അതിൽ സഞ്ജുവിന്റെ കഥ ഏറെ സവിശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ടീമിന്റെ രക്ഷകനായി മാറിയത് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങായിരുന്നു. ടൂർണമെന്റിലെ നിർണ്ണായകമായ ഓരോ മത്സരവും നോക്കൗട്ട് ആയി മാറിയ ഘട്ടത്തിൽ അർദ്ധസെഞ്ച്വറികളുടെ ഹാട്രിക് കുറിച്ച താരം ടൂർണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 89 റൺസ് നേടിയ സഞ്ജു, ഇംഗ്ലണ്ടിനെതിരെ 97 റൺസും ന്യൂസിലാൻഡിനെതിരെ 89 റൺസും അടിച്ചുകൂട്ടി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കുകയായിരുന്നു.