സഞ്ജുവിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിത് ; പുകഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ സഞ്ജുവിനെ വാനോളം പുകഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി. നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കുമെന്നും സഞ്ജുവിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിതെന്നും സൂര്യകുമാർ പറഞ്ഞു. ഒരു ക്വാർട്ടർ ഫൈനലിന് സമാനമായ മത്സരത്തിൽ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. ഈർപ്പമുള്ള സാഹചര്യമായതിനാൽ കളി അവസാന ഓവർ വരെ എത്തിക്കാനായിരുന്നു പദ്ധതിയെന്നും മുംബൈയിൽ നടക്കുന്ന സെമി ഫൈനലിന് ഇന്ത്യ അർഹരാണെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
സ്വപ്നതുല്യമായ വിജയത്തിന് ശേഷം വികാരാധീനനായാണ് സഞ്ജു സാംസൺ പ്രതികരിച്ചത്. ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലം മുതൽ കാത്തിരുന്ന നിമിഷമാണിതെന്നും ലോകം മുഴുവൻ കീഴടക്കിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയപ്പോൾ സ്വയം സംശയിച്ചിരുന്നതായും എന്നാൽ ദൈവത്തിലുള്ള വിശ്വാസം തന്നെ ഈ നേട്ടത്തിലെത്തിച്ചതായും സഞ്ജു വ്യക്തമാക്കി.