സഞ്ജു ലോകകപ്പ് ടീമിൽ ഇടംനേടാൻ യോഗ്യനല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത് ; സൗരവ് ഗാംഗുലി
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിലെ സഞ്ജു സാംസണിന്റെ പ്രകടനത്തിന് പിന്നാലെ, താരത്തെ വിമർശിച്ചവർക്ക് മറുപടിയുമായി മുൻ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. സഞ്ജു ലോകകപ്പ് ടീമിൽ ഇടംനേടാൻ യോഗ്യനല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തതെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജു നൂറ് ശതമാനവും അർഹനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ, 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവാണ് വിജയതീരത്തെത്തിച്ചത്. ഒരു ‘വെർച്വൽ ക്വാർട്ടർ ഫൈനൽ’ പോലെ സമ്മർദ്ദമേറിയ മത്സരത്തിൽ സഞ്ജു കാണിച്ച പക്വത അവന്റെ പ്രതിഭയുടെ തെളിവാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ സഞ്ജുവിന്റെ ഫോമിനെതിരെയും ടീമിലെ സാന്നിധ്യത്തിനെതിരെയും ഉയർന്ന പരിഹാസങ്ങളെ ഗാംഗുലി അനുസ്മരിച്ചു. ശുഭ്മാൻ ഗില്ലിനെപ്പോലുള്ളവർ പുറത്തിരിക്കുമ്പോൾ സഞ്ജു എന്തിന് എന്ന ചോദ്യങ്ങൾ താൻ കണ്ടിരുന്നുവെന്നും, എന്നാൽ ഇന്ന് അതേ പയ്യൻ ഒറ്റയ്ക്ക് ഇന്ത്യയെ ലോകകപ്പ് സെമിയിലെത്തിച്ചിരിക്കുകയാണെന്നും ദാദ കൂട്ടിച്ചേർത്തു.
സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാൻ പഠിച്ചതാണ് സഞ്ജുവിന്റെ കളിയിലെ വലിയ മാറ്റമായി ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ വിൻഡീസിനെതിരായ അതേ തീവ്രതയോടെ ഇന്ത്യ കളിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടർച്ചയായ മൂന്നാം തവണയാണ് ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.