2011-ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കിയ തീരുമാനത്തിൽ ഇന്നും വിഷമം ; കെ. ശ്രീകാന്ത്
2011-ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കിയ ചരിത്രപരമായ തീരുമാനത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ച് മുൻ മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ‘ദി വീക്ക്’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ്, രോഹിത്തിനെ ഉൾപ്പെടുത്താത്തതിൽ ഇന്നും തനിക്ക് വിഷമമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ഓൾറൗണ്ടർമാർക്ക് ടീമിൽ മുൻഗണന നൽകിയതാണ് രോഹിത്തിന് തിരിച്ചടിയായതെന്ന് ശ്രീകാന്ത് വിശദീകരിച്ചു. അന്ന് യുവരാജ് സിംഗ്, വീരേന്ദർ സെവാഗ്, സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്‌ന, യൂസഫ് പത്താൻ എന്നിവരെല്ലാം ബൗൾ ചെയ്യാൻ പ്രാപ്തരായിരുന്നു. ഹർഭജന് പകരക്കാരനായി അശ്വിനെയും ടീമിലെടുത്തു. ഇത്തരമൊരു സാഹചര്യത്തിൽ ബാറ്റിംഗിന് മാത്രം പ്രാധാന്യം നൽകി രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.
“രോഹിത്തിനോട് ഞാൻ കഴിഞ്ഞ വർഷം ഇതിന് ക്ഷമ ചോദിച്ചിരുന്നു. അത് മനഃപൂർവ്വമായിരുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. രോഹിത് ആ ടൂർണമെന്റിൽ കളിക്കാൻ പൂർണ്ണ യോഗ്യനായിരുന്നു. പക്ഷേ ടീം കോമ്പിനേഷൻ കാരണമാണ് അവസരം നഷ്ടമായത്,” ശ്രീകാന്ത് വ്യക്തമാക്കി.
ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ രോഹിത് മുൻപ് പലതവണ തന്റെ സങ്കടം പങ്കുവെച്ചിട്ടുണ്ട്. രണ്ട് ടി20 ലോകകപ്പുകളിലും (2007, 2024) രണ്ട് ചാമ്പ്യൻസ് ട്രോഫിയിലും (2013, 2025) കിരീടം നേടിയ രോഹിത്തിന് പക്ഷേ ഇതുവരെ ഏകദിന ലോകകപ്പ് നേടാനായിട്ടില്ല. 2023-ൽ രോഹിത്തിന്റെ കീഴിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.