രോഹിത്തും ധോണിയും വ്യത്യസ്ത ശൈലികള്‍ പിന്തുടരുന്നവര്‍ ; ഹര്‍ഭജന്‍ സിങ്

'ധോണിയും രോഹിത്തും തികച്ചും വ്യത്യസ്തമായ ക്യാപ്റ്റന്മാരാണ്.
 

രോഹിത്തും ധോണിയും വ്യത്യസ്ത ശൈലികള്‍ പിന്തുടരുന്നവരാണെന്ന് തുറന്നുപറയുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെയും എം എസ് ധോണിയുടെയും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഹര്‍ഭജന്‍. രോഹിത് ഓരോ താരങ്ങളുടേയും അടുത്തു പോയി സംസാരിക്കുന്ന ക്യാപ്റ്റനാണെന്ന് പറഞ്ഞ ഹര്‍ഭജന്‍ താരങ്ങള്‍ പിഴവുകള്‍ വരുത്തിയാല്‍ അതില്‍നിന്ന് പാഠം പഠിക്കണമെന്നതാണ് ധോണിയുടെ ശൈലിയെന്നും വ്യക്തമാക്കി.

'ധോണിയും രോഹിത്തും തികച്ചും വ്യത്യസ്തമായ ക്യാപ്റ്റന്മാരാണ്. രോഹിത് ശര്‍മ്മ കളിക്കാരുടെ അടുത്തേക്ക് പോയി അവരോട് സംസാരിക്കും. കളിക്കാരുടെ തോളില്‍ കൈവെച്ച് അവരില്‍ നിന്ന് എന്താണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്ന് അവരോട് പറയും', ഹര്‍ഭജന്‍ സിങ് പറഞ്ഞു.

'എന്നാല്‍ ധോണി അങ്ങനെയല്ല. അദ്ദേഹം ഒരിക്കലും ഒരു കളിക്കാരന്റെയും അടുത്തുപോയി സംസാരിക്കാറില്ല. ഏതു ഫീല്‍ഡ് ആണ് സെറ്റ് ചെയ്യേണ്ടതെന്ന് ബോളറോടു ചോദിക്കും. സ്വയം തെറ്റുകള്‍ വരുത്തിയാല്‍ അതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാന്‍ അനുവദിക്കുകയാണ് ധോണി ചെയ്യുക', ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഐപിഎല്ലില്‍ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്ന ഹര്‍ഭജന്‍ ഇക്കാര്യം ഉദാഹരണസഹിതം വ്യക്തമാക്കുകയും ചെയ്തു. 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സമയത്ത് ഞാന്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയും എം എസ് ധോണി കീപ്പറായി നില്‍ക്കുകയും ചെയ്യുകയായിരുന്നു. ഷര്‍ദുല്‍ താക്കൂറിന്റെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണ്‍ അദ്ദേഹത്തെ സിക്സിന് പറത്തി. അടുത്ത പന്ത് അതേ ലെങ്ത്തില്‍ എറിഞ്ഞപ്പോള്‍ വില്യംസണ്‍ സമാന ഷോട്ട് തന്നെ കളിച്ചു', ഹര്‍ഭജന്‍ പറഞ്ഞു.
'ഇതോടെ ഞാന്‍ ധോണിയുടെ അടുത്ത് പോയി ഷാര്‍ദുലിനോട് വ്യത്യസ്തമായ ലെങ്ത് പരീക്ഷിച്ചുനോക്കാന്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ധോണി അതിന് സമ്മതിച്ചില്ല. 'പാജി, ഞാന്‍ ഷാര്‍ദുലിനോട് അങ്ങനെ ഇപ്പോള്‍ പറഞ്ഞാല്‍ അവന്‍ ഒരിക്കലും പഠിക്കാന്‍ പോകുന്നില്ല. അവന്‍ സ്വയം പഠിക്കട്ടെ. അവനും അതാണ് നല്ലത് എന്നാണ് എന്നോട് ധോണി പറഞ്ഞത്. അതായിരുന്നു എംഎസ് ധോണിയുടെ വഴി' ഹര്‍ഭജന്‍ പറഞ്ഞു.