പ്രോജക്ട് ഗെയിം ചേഞ്ചറിലൂടെ യുവതാരങ്ങൾക്ക് അവസരം
കണ്ണൂർ: യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായി കണ്ണൂർ വാരിയേഴ്‌സ് സൂപ്പർ ലീഗ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രോജക്ട് ഗെയിം ചേഞ്ചർ ടാലന്റ് സ്‌കൗട്ടിംഗ് പദ്ധതിയിൽ നിന്ന് തിരഞ്ഞെടുത്ത നാല് കണ്ണൂർ താരങ്ങൾക്ക് സീനിയർ ടീമിലേക്ക് അവസരം നൽക്കി കണ്ണൂർ വാരിയേഴ്‌സ്. ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരാണ് വാരിയേഴ്‌സ് സീനിയർ ടീമിന്റെ ഭാഗമാകിയത്. ഇതോടെ പ്രോജക്ട് ഗെയിം ചേഞ്ചറിൽ നിന്ന് തിരഞ്ഞെടുക്കുന്ന താരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ജോബിൻ ജോസഫിനെ ടീമിലെത്തിച്ചിരുന്നു. ജൂണിൽ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ നിന്ന് പതിനൊന്ന് താരങ്ങൾക്ക് കണ്ണൂർ വാരിയേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിലേക്ക് അവസരം നൽകിയിരുന്നു.
ചെറുകുന്ന് സ്വദേശിയായ ഹൃഷഭ് കെ 2025 ൽ കേരളത്തിനൊപ്പം അണ്ടർ 19 സ്‌കൂൾസ് നാഷണൽസ് കിരീടം നേടിയിട്ടുണ്ട്. അദ്വൈദ് പി 2025-26 സീസണിൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു. കണ്ണൂർ കാങ്കോൽ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ ഗൗതം പി 2024ൽ ഈസ്റ്റ് ബംഗാൾ യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 20 കിരീടവും ഇന്റർ-കോളേജിയേറ്റ് ചാമ്പ്യൻഷിപ്പ് കിരീടവും നേടിയിട്ടുണ്ട്.തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാൻ ജാബിർ പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയ ടീമുകൾളുടെ യൂത്ത് ടീമിനായി കളിച്ച താരമാണ്.