പ്രോജക്ട് ഗെയിം ചേഞ്ചറിലൂടെ യുവതാരങ്ങള്‍ക്ക് അവസരം

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രോജക്ട് ഗെയിം ചേഞ്ചര്‍ ടാലന്റ് സ്‌കൗട്ടിംഗ്

 

കണ്ണൂര്‍: യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രോജക്ട് ഗെയിം ചേഞ്ചര്‍ ടാലന്റ് സ്‌കൗട്ടിംഗ് പദ്ധതിയില്‍ നിന്ന് തിരഞ്ഞെടുത്ത നാല് കണ്ണൂര്‍ താരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്ക് അവസരം നല്‍ക്കി കണ്ണൂര്‍ വാരിയേഴ്‌സ്.

ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാന്‍ ജാബിര്‍ എന്നിവരാണ് വാരിയേഴ്‌സ് സീനിയര്‍ ടീമിന്റെ ഭാഗമാകിയത്. ഇതോടെ പ്രോജക്ട് ഗെയിം ചേഞ്ചറില്‍ നിന്ന് തിരഞ്ഞെടുക്കുന്ന താരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ജോബിന്‍ ജോസഫിനെ ടീമിലെത്തിച്ചിരുന്നു.

ജൂണില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാമ്പിലേക്ക് അവസരം നല്‍കിയിരുന്നു.

ചെറുകുന്ന് സ്വദേശിയായ ഹൃഷഭ് കെ 2025 ല്‍ കേരളത്തിനൊപ്പം അണ്ടര്‍ 19 സ്‌കൂള്‍സ് നാഷണല്‍സ് കിരീടം നേടിയിട്ടുണ്ട്. അദ്വൈദ് പി 2025-26 സീസണില്‍ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമിന്റെ ഭാഗമായിരുന്നു. കണ്ണൂര്‍ കാങ്കോല്‍ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ ഗൗതം പി 2024ല്‍ ഈസ്റ്റ് ബംഗാള്‍ യൂത്ത് ടീമില്‍ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടര്‍ 20 കിരീടവും ഇന്റര്‍-കോളേജിയേറ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും നേടിയിട്ടുണ്ട്.

തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാന്‍ ജാബിര്‍ പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാന്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയ ടീമുകള്‍ളുടെ യൂത്ത് ടീമിനായി കളിച്ച താരമാണ്.