2030 ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സിന്
2030-ലെ ഫിഫ പുരുഷ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് കായികരംഗത്തെ ഡിജിറ്റൽ കാഴ്ചകളിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നു.
2030-ലെ ഫിഫ പുരുഷ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് കായികരംഗത്തെ ഡിജിറ്റൽ കാഴ്ചകളിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നു. കായിക ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് പോലുള്ള വലിയൊരു ഫുട്ബോൾ മാമാങ്കത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്പെയിനിലും അഡോറയിലുമാണ് നെറ്റ്ഫ്ലിക്സ് ടൂർണമെന്റിലെ 104 മത്സരങ്ങളും തത്സമയം സ്ട്രീം ചെയ്യുന്നത്.
എങ്കിലും, ഫുട്ബോൾ പ്രേമികൾ ഏറെയുള്ള ഇന്ത്യയിൽ 'സി എന്റർടെയ്ൻമെന്റ്' ആണ് 2030 ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം കരസ്ഥമാക്കിയിട്ടുള്ളത്. ഫിഫയുമായുള്ള കരാറിന്റെ ഭാഗമായി സിയിയുടെ ടെലിവിഷൻ ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും മത്സരങ്ങൾ ഇന്ത്യയിലെ പ്രേക്ഷകരിലേക്ക് എത്തും.
സ്പെയിനിൽ എല്ലാ മത്സരങ്ങളും കാണാൻ പ്രേക്ഷകർ പ്രത്യേക പണം നൽകേണ്ടതില്ലെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മത്സരദിനത്തിലും ഒരു മത്സരം വീതം ടെലിവിഷനിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ സാധിക്കുന്ന രീതിയിലാണ് കരാർ. കൂടാതെ സ്പെയിൻ ദേശീയ ടീമിന്റെ മത്സരങ്ങളും സെമിഫൈനലുകളും ഫൈനലും ഒരു ദേശീയ സൗജന്യ ചാനൽ വഴി സംപ്രേക്ഷണം ചെയ്യും. യുണൈറ്റഡ് കിങ്ഡത്തിൽ ബി.ബി.സി, ഐ.ടി.വി എന്നിവരും, ജർമ്മനിയിൽ ഡച്ച് ടെലികോമിന്റെ 'മാജന്റ ടിവി'യും, ഫ്രാൻസിൽ 'എം6' ചാനലുമാണ് മറ്റ് ചില രാജ്യങ്ങളിലെ പ്രധാന സംപ്രേക്ഷണ ചുമതലകൾ വഹിക്കുന്നത്.
ശതാബ്ദി ലോകകപ്പ് എന്ന പ്രത്യേകതയോടെ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് 2030 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഒപ്പം ലോകകപ്പിന്റെ ചരിത്രപരമായ ഓർമ്മ പുതുക്കലിനായി ആദ്യത്തെ മൂന്ന് മത്സരങ്ങൾ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നിവിടങ്ങളിലാണ് അരങ്ങേറുന്നത്.