ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റം ; ഹർഷ്ദീപിന് വൻ തുക പിഴയിട്ട് ഐസിസി
ദുബായ്: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി അടക്കണം. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് മേൽ ചുമത്തിയാതായി ഐസിസി അറിയിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനമായ ആർട്ടിക്കിൾ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു കളിക്കാരന് നേരെയോ അല്ലെങ്കിൽ താരത്തിന് സമീപത്തേക്കോ അപകടകരമായ രീതിയിൽ പന്തോ അല്ലെങ്കിൽ ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത് നിയമലംഘനമായി കണക്കാക്കും എന്നാണ് നിയമം. ഈ നിയമം അനുസരിച്ചാണ് താരത്തിന് ഐസിസി ശിക്ഷ വിധിച്ചത്.
ന്യൂസിലൻഡ് ഇന്നിങ്‌സിലെ 11ാം ഓവറിനിടെയാണ് വിവാദമായ സംഭവം നടന്നത്. അർഷ്ദീപ് എറിഞ്ഞ പന്ത് ഡാരിൽ മിച്ചലിന്റെ ബാറ്റിൽ തട്ടിയ ശേഷം താരത്തിന് നേരെ വന്നു. ഫോളോ ത്രൂവിൽ പന്ത് പിടിച്ചെടുത്ത ശേഷം ക്രീസിന് പുറത്ത് നിന്നിരുന്ന മിച്ചലിന്റെ നേരെ എറിയുക ആയിരുന്നു. എന്നാൽ പന്ത് താരത്തിന്റെ കാലിൽ കൊള്ളുകയാണ് ഉണ്ടായത്. ഇതിൽ പ്രകോപിതനായ മിച്ചൽ അർഷ്ദീപിനോട് ചൂടായി സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഉടൻ തന്നെ അമ്പയർമാരും നായകൻ സൂര്യകുമാർ യാദവും ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു.