സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് മലപ്പുറം 

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് മലപ്പുറം എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലപ്പുറത്തിന്റെ ജയം. മലപ്പുറത്തിന് വേണ്ടി ആദ്യ പകുതിയില്‍ 19 ാം മിനുട്ടില്‍ അമാദു സുകൂനിയയും 48 ാം മിനുട്ടില്‍

 

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് മലപ്പുറം എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലപ്പുറത്തിന്റെ ജയം. മലപ്പുറത്തിന് വേണ്ടി ആദ്യ പകുതിയില്‍ 19 ാം മിനുട്ടില്‍ അമാദു സുകൂനിയയും 48 ാം മിനുട്ടില്‍ മുഹമ്മദ് മഹ്ദിയും രണ്ടാം പകുതിയുടെ 66 ാം മിനുട്ടില്‍  റാഷിദ് സി.കെയും ഓരോ ഗോള്‍ വീതം നേടി. സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ആണ് മലപ്പുറം എഫ്‌സി കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിക്കുന്നത്. അടുത്ത മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഒക്ടോബര്‍ 31 തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം. 

അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇലവനില്‍ ഒരു മാറ്റമുണ്ടായിരുന്നു. വിങ്ങര്‍ ഫസലുറഹ്‌മാന് പകരം മധ്യനിര താരം ഉമശങ്കര്‍ ആദ്യ ഇലവനിലെത്തി. അവസാന മത്സരം വിജയിച്ച മലപ്പുറം എഫ്‌സിയുടെ ആദ്യ ഇലവനിലും മാറ്റങ്ങളുണ്ടായിരുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ പ്രതിരോധ താരം അബ്ദുല്‍ സമദിന് പകരം മഷ്ഹൂര്‍ ഷരീഫും സജേഷിന് പകരം ബോസ്‌നിയന്‍ താരം നെദിം ഹഡ്‌സിക് ആദ്യ ഇലവനിലെത്തി. 

ആദ്യ പകുതി 

13 ാം മിനുട്ടില്‍ മലപ്പുറത്തിന് അവസരം ലഭിച്ചു. വലത് വിങ്ങിലൂടെ ഓവര്‍ ലാപ്പ് ചെയ്ത് എത്തിയ ബിലാല്‍ നല്‍കിയ ക്രോസ് അമാദു സുകൂന ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യം കണ്ടില്ല. 15 ാം മിനുട്ടില്‍ കണ്ണൂരിന് അവസരം. ഇടത് വിങ്ങില്‍ നിന്ന് നിജോ ഗില്‍ബേര്‍ നല്‍കിയ ക്രോസ് മലപ്പുറത്തിന്റെ സെകന്റ് പോസ്റ്റു പിന്നിട്ട് മുഹമ്മദ് സിനാനെ ലക്ഷ്യമാക്കി എത്തിയെങ്കിലും മലപ്പുറം എഫ്‌സി ഗോള്‍ കീപ്പര്‍ അര്‍ബാസ് ഓടിയെത്തി പന്ത് തട്ടി അകറ്റി. 

19 ാം മിനുട്ടില്‍ മലപ്പുറം ലീഡ് നേടി. കണ്ണൂര്‍ താരം മുഹമ്മദ് സിനാനില്‍ നിന്ന് തട്ടി എടുത്ത പന്ത് മധ്യനിര താരം എല്‍ഫോസിയുടെ കാലുകളില്‍. ഒരു നിമിശം പാഴാക്കാതെ അമാദു സുകൂനക്ക് കണ്ണൂര്‍ പ്രതിരോധത്തെ കീറിമുറിച്ചൊരു പാസ്. സുകൂന കൃത്യമായി പന്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. 28 ാം മിനുട്ടില്‍ കണ്ണൂരിന് മികച്ചൊരു അവസരം ലഭിച്ചു. ഉമശങ്കര്‍ ഉയര്‍ത്തി നല്‍കിയ പാസ് ഓടിയെടുത്ത് ബോക്‌സിലേക്ക് കയറി മുഹമ്മദ് സിനാന്‍ നല്‍കിയ പാസ് അസിയര്‍ ഗോമസ് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് കണ്ണൂര്‍ സിനാനെ മുന്‍നിര്‍ത്തി വിങ്ങുകള്‍ കേന്ദ്രീകരിച്ച് അറ്റാക്കിംങ് ശ്രമിച്ചു. അതോടെ കണ്ണൂരിന് അവസരങ്ങള്‍ വന്നു ചേരാന്‍ തുടങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് 48 ാം മിനുട്ടില്‍ മുഹമ്മദ് മഹ്ദി ലീഗ് രണ്ടാക്കി ഉയര്‍ത്തി. എല്‍ഫോസി എടുത്ത കോര്‍ണര്‍കിക്ക് കണ്ണൂര്‍ വാരിയേഴ്‌സ് താരം ഫെഡ്രിക്ക് ക്ലിയര്‍ ചെയ്യവേ ബോക്‌സിന് അകത്ത് കിട്ടിയ അവസരം മഹ്ദി ഓടി കേറി ഗോളാക്കി മാറ്റുകയായിരുന്നു. 

രണ്ടാം പകുതി 

കണ്ണൂര്‍ വാരിയേഴ്‌സ് അറ്റാക്കിംങില്‍ മാറ്റം വരുത്തി. ബോഗ്ദാന് പകരമായി അസര്‍ കോസിച്ച് ഇറങ്ങി. പരിക്കേറ്റത്തോടെ മലപ്പുറം പ്രതിരോധ താരം മഷ്ഹൂര്‍ ഷരീഫിനെ പിന്‍വലിച്ച് നിഥിന്‍ കൃഷ്ണയെത്തി. 66 ാം മിനുട്ടില്‍ മലപ്പുറം ലീഗ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിലേക്ക് മുന്നേറി സൂന്‍ഗു നല്‍കിയ ക്രോസ് ബോക്‌സിനകത്ത് വികാസ് പ്രതിരോധിച്ചെങ്കിലും വീണു കിട്ടിയ അവസരം റാഷിദ് സി.കെ. ഗോളാക്കി മാറ്റി. 90 ാം മിനുട്ടില്‍ മലപ്പുറം താരം റാഷിദ് വീണ്ടും കണ്ണൂരിന്റെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.