കെസിഎല്‍- ആലപ്പി റിപ്പിള്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. 33 റണ്‍സിന് തിരുവനന്തപുരം റോയല്‍സിനെ പരാജയപ്പെടുത്തി
തിരുവനന്തപുരം- ആലപ്പി റിപ്പിള്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. സ്പോര്‍ട്ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനാണ് ആലപ്പി റിപ്പിള്‍സ് തിരുവനന്തപുരം റോയല്‍സിനെ പരാജയപ്പെടുത്തിയത്. 146 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ തിരുവനന്തപുരം റോയല്‍സിന് തുടക്കത്തില്‍ തന്നെ അടി പതറി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയ ആലപ്പി റിപ്പിള്‍സിന്റ ഫാസ്റ്റ് ബൗളര്‍ ഫൈസ് ഫാനൂസാണ് റോയല്‍സിന്റെ അടിത്തറയിളക്കിയത്.
ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ വിഷ്ണുരാജിനെയും 4ാമത്തെ പന്തില്‍ രോഹന്‍ പ്രേമിനെയും ഫാനൂസ് ഫൈസ് ക്ലീന്‍ ബൗള്‍ഡാക്കി. ഇരുവരും റണ്‍സൊന്നുമെടക്കാതെയാണ് പവിലിയനിലേക്ക് മടങ്ങിയത്. തുടര്‍ന്ന് രണ്ടാമത്തെ ഓവറില്‍ ജോഫിന്‍ ജോസിനെയും നാലാമത്തെ ഓവറില്‍ അമീര്‍ഷാ എസ്എന്‍നെയും ആറാമത്തെ ഓവറില്‍ ഗോവിന്ദ പൈയുടെയും വിക്കറ്റുകള്‍് വീഴ്ത്തി ആനന്ദ് ജോസഫ് റിപ്പിള്‍സിന്റെ നില ഭദ്രമാക്കി.
ആറാമത്തെ ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ റോയല്‍സിന്റെ സ്‌കോര്‍ വെറും 19. തുടര്‍ന്ന് റോയല്‍സ് ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും അഖില്‍ എം എസും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും റോയല്‍സിന് തുണയായില്ല. 31 പന്തില്‍ നിന്നും 45 റണ്‍സെടുത്ത ബാസിത് 15ാമത്തെ ഓവറില്‍ പുറത്തായി.സ്പിന്നര്‍ കിരണ്‍ സാഗറിന്റെ പന്തില്‍ കൃഷ്ണപ്രസാദാണ് ക്യാച്ചെടുത്തത്. 16 റണ്‍സ് വിട്ടു നല്‍കി 4 വിക്കറ്റെടുത്ത ഫൈസ് ഫാനൂസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്് . 7 റണ്‍സ് വിട്ടു നല്‍കി ആനന്ദ് ജോസഫ് 4 വിക്കറ്റടുത്തു. ആല്‍ഫി ഫ്രാന്‍സിസ് ഒരു വിക്കറ്റെടുത്തു.
ടോസ് നേടിയ തിരുവനന്തപുരം റോയല്‍സ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ആലപ്പി റിപ്പിള്‍സിന് വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും വൈസ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 51 റണ്‍സിന്റെ കൂട്ട്കെട്ട് ടീമിന് മികച്ച തുടക്കം നല്‍കി.
7ാമത്തെ ഓവറില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ വിനില്‍ ടിഎസിന്റെ പന്തില്‍ പുറത്തായി. ഒരു സിക്സും 3 ഫോറുമടക്കം 19 പന്തില്‍ നിന്നും അസറുദ്ദീന്‍ 28 റണ്‍സെടുത്തു. കൃഷ്ണപ്രസാദ് 23 പന്തില്‍ നിന്നും 23 റണ്‍സെടുത്തു. തുടര്‍ന്ന് വന്ന അക്ഷയ് ശിവ ഒരു റണ്‍സെടുത്തു മടങ്ങി. വിനൂപ് മനോഹരന്‍ (20), നീല്‍ സണ്ണി (21), അക്ഷയ് ടി കെ( 17), അക്ഷയ് ചന്ദ്രന്‍ (15) എന്നിവരും രണ്ടക്ക സ്‌കോര്‍ നേടി.