കർണാടക എം.എൽ.എമാർക്ക് മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടിക്കറ്റുകൾ വീതം നൽകും : ഉപമുഖ്യമന്ത്രി
കർണാടക എം.എൽ.എമാർക്ക് മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടിക്കറ്റുകൾ വീതം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കർണാടക ക്രിക്കറ്റ് അസോസിയേഷൻ എം.എൽ.എമാരോട് അനാദരവ് കാണിച്ചുവെന്ന് പാർട്ടി ഭേദമന്യേ അംഗങ്ങൾ ആരോപിച്ചിരുന്നു. തങ്ങൾ വി.ഐ.പികളാണെന്നും ടിക്കറ്റിനായി വരി നിൽക്കാൻ കഴിയില്ലെന്നും എം.എൽ.എമാർ ആരോപിച്ചിരുന്നു.
ബംഗളൂരു: കർണാടക എം.എൽ.എമാർക്ക് മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടിക്കറ്റുകൾ വീതം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കർണാടക ക്രിക്കറ്റ് അസോസിയേഷൻ എം.എൽ.എമാരോട് അനാദരവ് കാണിച്ചുവെന്ന് പാർട്ടി ഭേദമന്യേ അംഗങ്ങൾ ആരോപിച്ചിരുന്നു. തങ്ങൾ വി.ഐ.പികളാണെന്നും ടിക്കറ്റിനായി വരി നിൽക്കാൻ കഴിയില്ലെന്നും എം.എൽ.എമാർ ആരോപിച്ചിരുന്നു.
നേരത്തേ, ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങളിൽ ഓരോ എം.എൽ.എക്കും നാല് വി.ഐ.പി ടിക്കറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ നിർദേശ പ്രകാരം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
തിങ്കളാഴ്ച സദാശിവനഗറിലെ ഉപമുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ഭാരവാഹികൾ പങ്കെടുത്തു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മത്സരങ്ങൾ നടക്കുമ്പോൾ ടിക്കറ്റുകൾ സർക്കാർ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കൈമാറാറുണ്ട്. എന്നാൽ കർണാടകയിൽ ഇത്തരം ഇടപെടലുകൾ നടത്താറില്ലെന്നും അതിനെ തുടർന്ന് ടിക്കറ്റ് വിതരണ രീതികൾ മനസ്സിലാക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി സംസാരിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
2026 സീസണിലെ ഐ.പി.എൽ മത്സരങ്ങൾക്ക് തുടക്കമായിരുന്നു. ബംഗളൂരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും സൺറൈസേഴ്സ് ഹൈദരാബാദിന്റെയുമായിരുന്നു ആദ്യ മത്സരം.