നിജോ ഗിൽബർട്ടിനെ ടീമിലെത്തിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് മൂന്നാം സീസണിനായുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി. പരിചയസമ്പന്നനായ വിങ്ങർ നിജോ മഹേഷ് ഗിൽബർട്ടിനെയും കണ്ണൂരിന്റെ യുവ പ്രതിരോധതാരം സച്ചിൻ സുനിലിനെയും ടീമിലെത്തിച്ചു.
കണ്ണൂർ : സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് മൂന്നാം സീസണിനായുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി. പരിചയസമ്പന്നനായ വിങ്ങർ നിജോ മഹേഷ് ഗിൽബർട്ടിനെയും കണ്ണൂരിന്റെ യുവ പ്രതിരോധതാരം സച്ചിൻ സുനിലിനെയും ടീമിലെത്തിച്ചു.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഫോഴ്‌സ കൊച്ചിയുടെ ആക്രമണത്തിന് നേതൃത്വം വഹിച്ച താരമാണ് നിജോ. സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി ഒമ്പത് ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു. 2025-26 കേരള പ്രീമിയർ ലീഗ് സീസണിൽ കെ.എസ്.ഇ.ബിക്കായി എട്ട് ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്‌കോറരുമായി.
ദേശീയ തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുള്ള താരമാണ് നിജോ. 2021-22 ലെ 75-ാം ദേശീയ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. 76-ാം സന്തോഷ് ട്രോഫിയിൽ ഒമ്പത് ഗോളുകളുമായി ടോപ് സ്‌കോററുമായി.
2023 ലെ 77-ാം സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ നായകനുമായിരുന്നു. ദേശീയ ഗെയിംസിലും കേരളത്തിന് വേണ്ടി മെഡൽ നേടിയിട്ടുണ്ട്. 36-ാം ദേശീയ ഗെയിംസിൽ വെള്ളിയും 37-ാം ദേശീയ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ കണ്ണൂർ വാരിയേഴ്സിന്റെ ഭാഗമായിരുന്നു സച്ചിൻ സുനിൽ. കഴിഞ്ഞ സീസണിൽ സെമി, ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ കളിച്ച സച്ചിൻ 25 ടാക്കിളുകളും 18 ഇന്റർസെപ്ഷനുകളും ഒരു ചാൻസ് ക്രിയേഷനും നടത്തി.
38-ാമത് ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. സൂപ്പർ ലീഗ് കേരള സീസണിന് ശേഷം മഹാരാഷ്ട്രയിലെ കൊൽഹാപൂർ ഫുട്ബോൾ ലീഗിൽ ഖണ്ഡോബ എഫ്സിക്കായും സച്ചിൻ കളിച്ചിട്ടുണ്ട്. കണ്ണൂർ പരശ്ശിനിക്കടവ് നംബ്രം സ്വദേശിയാണ്.