സഡൻ ഡെത്തിൽ മലപ്പുറം എഫ് സിയെ വീഴ്ത്തി: കണ്ണൂർ വാരിയേഴ്സിന് നിർണായകജയം
മഴതാള മേളമിട്ട സൂപ്പർ ലീഗ് കേരളയിൽ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ ആവേശപ്പോരാട്ടത്തിനൊടുവിൽ മലപ്പുറം എഫ്സിയെ സഡൻ ഡെത്തിൽ കീഴടക്കി കണ്ണൂർ വാരിയേഴ്സ് എഫ്സി. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ച മത്സരത്തിൽ 7-6നായിരുന്നു കണ്ണൂരിന്റെ വിജയം
കണ്ണൂർ: മഴതാള മേളമിട്ട സൂപ്പർ ലീഗ് കേരളയിൽ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ ആവേശപ്പോരാട്ടത്തിനൊടുവിൽ മലപ്പുറം എഫ്സിയെ സഡൻ ഡെത്തിൽ കീഴടക്കി കണ്ണൂർ വാരിയേഴ്സ് എഫ്സി. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ച മത്സരത്തിൽ 7-6നായിരുന്നു കണ്ണൂരിന്റെ വിജയം. ഇതോടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാനും കണ്ണൂരിന് കഴിഞ്ഞു. വരുന്ന വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തിയാൽ കണ്ണൂരിന് സെമി ഫൈനലിലേക്ക് മുന്നേറാം.
കാലിക്കറ്റ് എഫ്സി (23 പോയൻ്റ്), മലപ്പുറം എഫ്സി (18), ഫോഴ്സ കൊച്ചി എഫ്സി (13) എന്നിവർ ഇതിനകം സെമി ഉറപ്പിച്ചിട്ടുണ്ട് .കണ്ണൂരിലെ കോർപറേഷൻജവഹർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ബോഗൻ സ്റ്റെമൻകോവിച്ചിന്റെ ഇരട്ടഗോളുകളും എസർ കോസിച്ചിൻ്റെ ഗോളും മുഹമ്മദ് റിസ്വാന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന്റെ സ്കോർ ഉയർത്തിയത്. മലപ്പുറത്തിനായി എൽഫോർസി, ജോൺ കെന്നഡി, മുഹമ്മദ് മെഹ്ദി, നെദീം ഹാദ്സിച്ച് എന്നിവർ ലക്ഷ്യം കണ്ടു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണവുമായി മലപ്പുറം മുന്നിലെത്തിയെങ്കിലും 15-ാം മിനിറ്റിൽ അസിയർ ഗോമസിൻ്റെ കോർണറിൽ നിന്ന് സ്റ്റെമൻകോവിച്ച് ഹെഡറിലൂടെ കണ്ണൂരിന്ലീഡ് നൽകി. 30-ാം മിനിറ്റിൽ എൽഫോർസിയുടെ ഫ്രീകിക്കിലൂടെ
മലപ്പുറം സമനില പിടിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോൺ കെന്നഡി മലപ്പുറത്തിന് ലീഡ് സമ്മാനിക്കുകയും ചെയ്തു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ
തന്നെ സ്റ്റെമൻകോവിച്ച് വീണ്ടും വലകുലുക്കി കണ്ണൂരിനെ ഒപ്പമെത്തിച്ചു. 55-ാം മിനിറ്റിൽ റിസ്വാൻറെ സെൽഫ് ഗോളിലൂടെ കണ്ണൂർ ലീഡ് നേടിയെങ്കിലും രണ്ട് മിനിറ്റിനകം മുഹമ്മദ് മെഹ്ദി മലപ്പുറത്തിന് സമനില നൽകി. 71-ാം മിനിറ്റിൽ നെദീം ഹാദ്സിച്ചിൻ്റെ ഗോളിൽ മലപ്പുറം വീണ്ടും മുന്നിലെത്തി. എന്നാൽ 84-ാം മിനിറ്റിൽ എസർ കോസിച്ച് കണ്ണൂരിന്റെ രക്ഷകനായി. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താനാകാതെ വന്നതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു.
ഒടുവിൽ മലപ്പുറത്തിന്റെ അബ്ദുൽ ബാദിഷിന്റെ കിക്ക് പുറത്തേക്ക് പോയതോടെ കണ്ണൂർ വിജയം സ്വന്തമാക്കി. പത്ത് മത്സരങ്ങളി 12 പോയന്റാണ് കണ്ണൂരിനുള്ളത്. വ്യാഴാഴ രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും.തുടക്കത്തിലെ പൊരുതികളിച്ച കണ്ണൂർ വാരിയേഴ്സ് ഗ്യാലറിയിൽ ബാൻഡ് മേളവും ആർപ്പുവിളികളുമായി നിറഞ്ഞു നിന്ന കാണികളുടെ പ്രതിക്ഷയ്ക്ക് ഒത്തു ഉയർന്ന കളിയാണ് അഴിച്ചുവിട്ടത്. ആരാധകരെ നിരാശരാക്കാതെ അക്രമ ഫുട്ബോളാണ് ചുവപ്പ് ജഴ്സിയണിഞ്ഞ പോരാളികളുടെ ടീം അഴിച്ചുവിട്ടത്.